ട്രംപിന്റെ പകരച്ചുങ്കം: അമേരിക്കൻ, യൂറോപ്യൻ ഓഹരി വിപണികളിലും തകര്‍ച്ച, മാന്ദ്യഭീഷണി

ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന്റെ അലയൊലികള്‍ ഒടുങ്ങാതെ ലോകം. സാമ്പത്തിക മാന്ദ്യഭീഷണി ഭയന്ന് ഓഹരികള്‍ നിക്ഷേപകര്‍ കൂട്ടത്തോടെ വിറ്റൊഴിക്കാന്‍ തുടങ്ങിയതോടെ ആഗോള ഓഹരിവിപണികളില്‍ ‘ചോരപ്പുഴ’ ഒഴുകി. ന്യൂയോര്‍ക്ക് സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ ജനതയോട് ക്ഷമയോടെ ധൈര്യത്തോടെ ഇരിക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ട്രംപിന്റെ ആഹ്വാനം നിക്ഷേപകര്‍ ചെവിക്കൊണ്ടില്ലെന്ന് കരുതാം. മറ്റ് വിപണികളിലെന്നപോലെ യുഎസിലെ ഓഹരിവിപണിയും കനത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് നേരിടുന്നത്. വില്‍പ്പന ആരംഭിച്ച സമയത്ത് എസ് ആന്‍ഡ് പി, ഡൗ ജോണ്‍സ്, നാസ്ഡാക് എന്നിവയില്‍ 5 ശതമാനം ഉയര്‍ച്ചയാണ് കാണിച്ചത്. തീരുവ ചുമത്തുന്നതില്‍ 90 ദിവസത്തെ ഇടവേള ട്രംപ് ഏര്‍പ്പെടുത്തിയേക്കുമെന്നുള്ള അഭ്യൂഹം വില്‍പ്പന തുടങ്ങുന്നതിന് മുമ്പ് പ്രചരിച്ചിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കകം അത്തരം വാര്‍ത്തകള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചതിന് പിന്നാലെ ഓഹരികള്‍ കൂട്ടത്തോടെ വിറ്റൊഴിക്കുന്നത് തുടങ്ങി. ആളുകള്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളുള്‍പ്പെടെയുള്ള സുരക്ഷിത നിക്ഷേപങ്ങളിലാണ് താത്പര്യം കാണിക്കുന്നത്.
Source link