യുക്രെയ്ന് ആംബുലൻസുകൾ നൽകി മാർപാപ്പ

കീവ്: റഷ്യൻ ആക്രമണം തുടരുന്ന യുക്രെയ്നിലെ ദുരിതബാധിതരായ ജനത്തിന് വീണ്ടും ഫ്രാൻസിസ് മാർപാപ്പയുടെ സഹായഹസ്തം. റഷ്യൻ ആക്രമണത്തിലും മറ്റും മുറിവേൽക്കുന്നവരുടെ ജീവൻ രക്ഷിക്കാനായി നാല് ആംബുലൻസുകൾകൂടി നൽകിയാണ് മാർപാപ്പ ഈ രാജ്യത്തെ വീണ്ടും ചേർത്തുപിടിച്ചത്. വത്തിക്കാന്റെ ജീവകാരുണ്യ, സേവന വിഭാഗം തലവൻ കർദിനാൾ കൊൺറാഡ് ക്രാജെവ്സ്കി കീവിലെത്തി മാർപാപ്പയ്ക്കുവേണ്ടി ആംബുലൻസുകൾ കൈമാറി. വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ ചിഹ്നം ആലേഖനം ചെയ്ത ആംബുലൻസുകൾ യുദ്ധം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലാണ് ഉപയോഗിക്കുക. ഈസ്റ്റർ അടുത്തിരിക്കെയും പ്രത്യാശയുടെ ജൂബിലിയുടെ പശ്ചാത്തലത്തിലുമാണ് യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രെയ്ൻ ജനതയോട് തന്റെ സാമീപ്യം അറിയിക്കാൻ മാർപാപ്പ കർദിനാൾ കൊൺറാഡ് ക്രാജെവ്സ്കിയെ വീണ്ടും അയച്ചത്.
യുദ്ധം ആരംഭിച്ചശേഷം ഇതു പത്താംതവണയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഐക്യദാർഢ്യവും പ്രാർഥനയും സ്നേഹവായ്പും അറിയിക്കാൻ കർദിനാൾ ക്രായെവ്സ്കിയെ യുക്രെയ്നിലേക്ക് അയയ്ക്കുന്നത്. ഇതിനുമുന്പ് കർദിനാൾമുഖേന മൂന്ന് ആംബുലൻസുകൾ മാർപാപ്പ യുക്രെയ്നു കൈമാറിയിരുന്നു. പലകുറി അവശ്യമരുന്നുകളും അയച്ചു. യുക്രെയ്നിലെ രണ്ടു മേഖലകളിലായി പുനരധിവാസകേന്ദ്രങ്ങളും വത്തിക്കാൻ തുറന്നിട്ടുണ്ട്.
Source link