ഐബി ഉദ്യോഗസ്ഥയുടെ മരണം: ഇരുട്ടില്‍ തപ്പി പൊലീസ്; സുകാന്തിനെക്കുറിച്ച് സൂചനയില്ലെന്ന് ഡിസിപി


തിരുവനന്തപുരം ∙ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി 15 ദിവസം കഴിഞ്ഞിട്ടും പ്രതിയായ സഹപ്രവര്‍ത്തകന്‍ സുകാന്തിനെ കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍തപ്പി പൊലീസ്. സുകാന്തിനായി കേരളത്തിനകത്തും പുറത്തും അന്വേഷണം നടക്കുകയാണെന്നു മാത്രമാണ് ദിവസങ്ങള്‍ക്കിപ്പുറം മാധ്യമങ്ങളെ വിളിച്ചു ചേര്‍ത്ത് തിരുവനന്തപുരം സിറ്റി ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞത്. ഐബി ഉദ്യോഗസ്ഥയെ പ്രതി മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന്റെ സൂചനകള്‍ ലഭിച്ചുവെന്നും സുകാന്തിന്റെ ലാപ്‌ടോപ്പും മൊബൈലും കൊച്ചിയിലെ മുറിയില്‍നിന്നു കണ്ടെത്തിയിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു. സുകാന്തിന് ജാമ്യാപേക്ഷ സമര്‍പ്പിക്കാനും, ഒളിവില്‍ പോകാനും ഐബിയിലെയും പൊലീസ് സ്റ്റേഷനിലെയും ചില ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ഡിസിപി വാര്‍ത്താസമ്മേളനം വിളിച്ചത്. സുകാന്തും കുടുംബവും ഒളിവിലാണെന്നും എവിടെയാണുള്ളതെന്ന് ഒരു സൂചനയുമില്ലെന്നും ഡിസിപി പറഞ്ഞു. സംഭവം നടന്ന് ആദ്യദിവസങ്ങളില്‍ സുകാന്തിനെ എന്തുകൊണ്ടാണ് കസ്റ്റഡിയില്‍ എടുക്കാതിരുന്നതെന്ന ചോദ്യത്തിന് സാമ്പത്തിക, ലൈംഗിക ചൂഷണം സംബന്ധിച്ച് അന്നു വിവരമൊന്നും ലഭിച്ചിരുന്നില്ലെന്നും ഡിസിപി പറഞ്ഞു. രണ്ടു പൊലീസ് സംഘങ്ങളാണ് സുകാന്തിനെയും കുടുംബത്തെയും കണ്ടെത്താന്‍ തിരച്ചില്‍ നടത്തുന്നത്. വിമാനത്താവളം വഴി രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥനും മലപ്പുറം എടപ്പാള്‍ സ്വദേശിയുമായ സുകാന്തിനെതിരെ ആദ്യഘട്ടത്തില്‍ കേസെടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല. ആത്മഹത്യ സംബന്ധിച്ച കേസ് മാത്രമാണുള്ളതെന്നും സുകാന്തിനെതിരെ പ്രത്യേകം കേസെടുത്തിട്ടില്ലെന്നുമാണ് പൊലീസ് പറഞ്ഞിരുന്നത്. 


Source link

Exit mobile version