ഗോഡ്സെയെ പ്രകീർത്തിച്ച് വിവാദം: ഷൈജ ആണ്ടവനെതിരെ പ്രതിഷേധം, സംഘർഷം; ഊടുവഴിയിലൂടെ ക്യാംപസിലേക്ക് കയറി ഡീൻ


കോഴിക്കോട്∙ ഗോഡ്സെയെ പ്രകീർത്തിച്ചു വിവാദത്തിലായ എൻഐടി അധ്യാപിക ഡോ.ഷൈജ ആണ്ടവനെ ഡീനായി നിയമിച്ചതിനെതിരെ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ, ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്നിവരാണ് ഇന്ന് പ്രതിഷേധം നടത്തിയത്.രാവിലെ ഏഴരയോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷൈജ ആണ്ടവന്റെ വസതിക്കു സമീപത്തെത്തിയിരുന്നു. ഷൈജയെ തടഞ്ഞ് കരിങ്കൊടി കാണിക്കുകയും ക്യാംപസിലേക്കു കയറാൻ അനുവദിക്കാതിരിക്കുകയുമായിരുന്നു ലക്ഷ്യം. എന്നാൽ മറ്റൊരു വഴിയിലൂടെ ഷൈജ പുറത്തുപോയി. പല ഊടുവഴികളിലൂടെ സഞ്ചരിച്ച് കാർ മറ്റൊരിടത്ത് വച്ചശേഷം ക്യാംപസിനുള്ളിൽ പ്രവേശിച്ചു. ഷൈജ ഏതു വഴിയാണ് പോയതെന്ന് കണ്ടെത്താൻ സാധിക്കാതെ വന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്യാംപസിന് മുന്നിലെത്തി പ്രതിഷേധം ആരംഭിച്ചു. ഇതിനു പിന്നാലെ എസ്എഫ്ഐയും ഫ്രറ്റേണിറ്റി മൂവ്െമന്റ് പ്രവ‍ർത്തകരും എത്തിയതോടെ ക്യാംപസിന് മുന്നിൽ സംഘർഷം ഉടലെടുത്തു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവ‍ർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മുപ്പതോളം പേരെയാണ് അറസ്റ്റ് ചെയ്തത്. ഷൈജയ്ക്ക് സുപ്രധാന പദവി നൽകിയതിെനതിരെ ശനിയാഴ്ച എം.കെ. രാഘവൻ എംപി എൻഐടിക്ക് മുന്നിൽ ഉപവാസ സമരം നടത്തിയിരുന്നു. മാനദണ്ഡങ്ങൾ മറികടന്നാണ് ഷൈജയ്ക്ക് സ്ഥാനക്കയറ്റം നൽകിയതെന്നാണ് ആരോപണം.


Source link

Exit mobile version