ആർഎസ്എസ് പാട്ട്; കാവിക്കൊടി: കോട്ടുക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ഗാനമേളയും വിവാദത്തിൽ, പരാതി

കടയ്ക്കൽ∙ കോട്ടുക്കൽ മഞ്ഞിപ്പുഴ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി നടന്ന ഗാനമേളയിൽ ആർഎസ്എസിന് അനുകൂലമായി പാട്ടു പാടിയെന്നും ക്ഷേത്രവളപ്പിൽ കാവിക്കൊടി പ്രദർശിപ്പിച്ചെന്നും പരാതി. ഇതു സംബന്ധിച്ച്ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റും സിപിഎം ഇട്ടിവ ലോക്കൽ കമ്മിറ്റി അംഗവുമായ അഖിൽ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ ദിവസം രാത്രി നാഗർകോവിൽ നൈറ്റ് ബേഡ്സ് നടത്തിയ ഗാനമേളയ്ക്കിടയിൽ ‘നമസ്കരിപ്പൂ ഭാരതമങ്ങേ’ എന്ന പാട്ട് ആലപിച്ചെന്നും ക്ഷേത്രവളപ്പിൽ കാവിക്കൊടിയും തോരണവും ഉയർത്തി എന്നുമാണ് ആരോപണം. അഖിലിൽനിന്നു പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ആരും പരാതി അറിയിച്ചിട്ടില്ലെന്നു ദേവസ്വം ചടയമംഗലം സബ്ഗ്രൂപ്പ് ഓഫിസർ ദീപ്തി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൊട്ടാരക്കര അസി.കമ്മിഷണറുടെ പരിധിയിൽ ചടയമംഗലം സബ് ഗ്രൂപ്പിൽ പെട്ടതാണ് ക്ഷേത്രം. അതേസമയം, ഗാനമേളയിൽ ദേശഭക്തി ഗാനമാണ് ആലപിച്ചതെന്നും കഴിഞ്ഞ 15 വർഷമായി ഉത്സവത്തിനു ക്ഷേത്രവളപ്പിൽ ആചാരമായി കാവി നിറത്തിലുള്ള കൊടി കെട്ടാറുണ്ടെന്നും അത് ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീജേഷ് അറിയിച്ചു. സ്വകാര്യ വ്യക്തിയാണ് ഗാനമേള സ്പോൺസർ ചെയ്തത്. കഴിഞ്ഞ ദിവസം ആണ് ഉത്സവം ആരംഭിച്ചത്. 11ന് ഉത്സവം സമാപിക്കും.
Source link