‘കമ്മിഷണര്‍ റിലീസ് ചെയ്തപ്പോൾ കാറിനു പിന്നിൽ തൊപ്പി വച്ചിരുന്നയാൾ; സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങൾ’

പാലക്കാട് ∙ സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ‘സുരേഷ് ഗോപിക്ക് കട്ട് പറയാൻ ഞാൻ സംവിധായകനല്ല. ആക്‌ഷനും റിയാക്‌ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. എന്നാൽ, ജനങ്ങളാണ് കട്ട് പറയേണ്ടത്’ – ഗണേഷ് കുമാർ പറഞ്ഞു. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട മുൻ അനുഭവം വെളിപ്പെടുത്തിയായിരുന്നു ഗണേഷ് കുമാർ മാധ്യമങ്ങളോട് സംസാരിച്ചത്. ‘‘കമ്മിഷണര്‍ എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ കാറിനു പിന്നിൽ എസ്‍പിയുടെ തൊപ്പി വച്ചിരുന്നയാളാണ് സുരേഷ് ഗോപി. വര്‍ഷങ്ങള്‍ക്ക് മുൻപ് ഭരത് ചന്ദ്രൻ ഐപിഎസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പൊലീസ് തൊപ്പി കാറിന്റെ പിന്നിൽ സ്ഥിരമായി വച്ചിരുന്നത്. സാധാരണ ഉന്നത പൊലീസുകാര്‍ കാറിൽ യാത്ര ചെയ്യുമ്പോള്‍ അവരുടെ തൊപ്പി ഊരി സീറ്റിന്റെ പിന്നിൽ വയ്ക്കാറുണ്ട്. അത്തരത്തിൽ സുരേഷ് ഗോപിയുടെ കാറിൽ കുറെക്കാലം എസ്‍പിയുടെ ഐപിഎസ് എന്നെഴുതിയ തൊപ്പി കാറിന്റെ പിന്നിൽ വച്ചിരുന്നു. അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന തരത്തിലായിരുന്നു വച്ചിരുന്നത്. അത്രയേ അദ്ദേഹത്തെ കുറിച്ച് പറയാനുള്ളൂ’’ – ഗണേഷ് കുമാർ പറഞ്ഞു. എമ്പുരാനെതിരെ ഇപ്പോള്‍ നടക്കുന്നത് സംഘപരിവാർ ആക്രമണമാണ്. സിനിമയ്‌ക്കെതിരെയുള്ള ആക്രമണം അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നതാണ്. ജനാധിപത്യപരമായ വിമർശനമാവാം. എന്നാൽ, അത് ഇങ്ങനെ ആകരുത്. സിനിമ ഒരു രാഷ്ട്രീയ മാറ്റവും ഉണ്ടാക്കില്ല. സിനിമയുടെ പേരിലുള്ള വിവാദം അനാവശ്യമാണ്. സിനിമ കണ്ട് അഭിനയം നന്നായെന്ന് മാത്രം പറയും. എന്ത് പറഞ്ഞാലും വിവാദമാവുകയാണ്. ജസ്റ്റ് റിമംബര്‍ ദാറ്റ് എന്ന് പറഞ്ഞങ്ങ് പോകും. താൻ ഒരുപാട് രാഷ്ട്രീയ സിനിമകളിൽ അഭിനയിച്ചതാണ്. യുഡിഎഫ് വിരുദ്ധ സിനിമകളായിരുന്നു ഏറെയും. എന്നിട്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
Source link