‘ഇനിയും മാതൃകാദമ്പതികളായി അഭിനയിക്കാനാവില്ല’; വിവാഹം കഴിക്കാനെടുത്ത തീരുമാനം തെറ്റിയെന്ന് സീമ വിനീത്

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്. മേക്കപ്പ് ചെയ്യുന്ന വീഡിയോകൾ മാത്രമല്ല, സീമ ഭക്ഷണമുണ്ടാക്കുന്ന വീഡിയോകൾക്കും ലക്ഷക്കണക്കിന് വ്യൂസാണ് ഉള്ളത്. വിവാഹനിശ്ചയം കഴിഞ്ഞ സീമ ഇടയ്‌ക്ക് ബന്ധത്തിൽ നിന്ന് പിന്മാറുന്നു എന്ന തരത്തിലൊരു പോസ്റ്റിട്ടത് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ, പിന്നീടത് പിൻവലിക്കുകയും രജിസ്റ്റർ വിവാഹം നടത്തി വരനുമൊത്തുള്ള ചിത്രങ്ങൾ പങ്കുവയ്‌ക്കുകയും ചെയ്‌തു. ഇപ്പോഴിതാ ഇക്കാര്യത്തിൽ ഉൾപ്പെടെ വ്യക്തത വരുത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരിക്കുകയാണ് സീമ.
ജീവിതത്തിൽ ചിലപ്പോഴൊക്കെ നമ്മളെടുക്കുന്ന തീരുമാനങ്ങൾ തെറ്റായിപ്പോകാറുണ്ട്. അത്തരത്തിലൊരു തീരുമാനമായിരുന്നു വിവാഹം. വ്യക്തിഹത്യ നടത്തുകയും ജെൻഡറിനെപ്പറ്റി പറഞ്ഞ് അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്‌തിട്ടും ഒരുപാട് തവണ തിരുത്താൻ നോക്കി. എന്നാൽ, അതെല്ലാം പരാജയപ്പെട്ടുവെന്നും സീമ കുറിച്ചു. ഇനിയും മാതൃകാ ദമ്പതികളായി അഭിനയിക്കാൻ കഴിയില്ല. ജീവിതത്തിൽ സമാധാനത്തിനാണ് ഏറ്റവും പ്രധാന്യം നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
മുമ്പ് ബന്ധത്തിൽ നിന്ന് പിന്മാറിയെന്ന് ഇട്ട പോസ്റ്റ് പിൻവലിച്ചത് സാഹചര്യങ്ങളുടെ സമ്മർദം മൂലമായിരുന്നു. അത്തരത്തിലൊരു പെരുമാറ്റം ഇനി മേലിൽ ഉണ്ടാവില്ല എന്ന് വാക്ക് തന്നതിനെ തുടർന്നാണ് ആ പോസ്റ്റ് പിൻവലിച്ചത്. ഇതുപോലെ വീണ്ടും കുറിക്കാൻ ഇടവരരുതെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, ഇത് പൊതുവായി പറയേണ്ടതും മറച്ചുപിടിക്കേണ്ട ആവശ്യമില്ലാത്തതിനാലുമാണ് പറയുന്നത്. ആത്മഹത്യയിലേക്ക് പോകാനോ ഒളിച്ചോടാനോ യാതൊരു താൽപ്പര്യവുമില്ലെന്നും സീമ വ്യക്തമാക്കി.
ജീവിതത്തിൽ ഒരു കൂട്ടുവേണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷ, അത് തെറ്റായിരുന്നു എന്ന് തിരിച്ചറിയാൻ നാളുകൾ വേണ്ടിവന്നു. ഈ യോജിപ്പില്ലായ്‌മയിൽ നിന്ന് പുറത്തുകടക്കാൻ ഭയമായിരുന്നു. മറ്റുള്ളവർ എന്തുപറയും, എങ്ങനെ ഫെയ്‌സ് ചെയ്യും. പക്ഷേ, അങ്ങനെ ചിന്തിച്ചാൽ ഇനിയും കാര്യങ്ങൾ കൈവിട്ടുപോകും. ജീവിതത്തിൽ നേടിയതൊന്നും എളുപ്പമായിരുന്നില്ല. അത്രയേറെ കഷ്‌ടപ്പെട്ട് സമൂഹത്തിൽ വളർന്ന വ്യക്തിയാണ് താനെന്നും സീമ കുറിച്ചു.
Source link