LATEST NEWS

മുണ്ടൂരിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: ‘ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കും’


കോഴിക്കോട്∙ പാലക്കാട് മുണ്ടൂരിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. വീഴ്ച കണ്ടെത്തിയാൽ നടപടിയെടുക്കുന്നതിന് സർക്കാരിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കലക്‌ടറുടെ റിപ്പോർട്ട് തേടും. മരിച്ച അലന്റെ അമ്മ വിജിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. കൂടുതൽ ആർആർടികളെ സ്ഥലത്തേക്ക് എത്തിക്കാൻ ഏർപ്പാടാക്കി. ആക്രമണം നടത്തിയ ആനകളെ കണ്ടെത്തി. ആനകളുള്ളത് വനത്തിലാണ്. ആനകളെ ഉൾവനത്തിലേക്കു തുരത്തുകയോ സുരക്ഷിതമായ സ്ഥലത്തേക്ക് നീക്കുകയോ ചെയ്യും. ഈ സ്ഥലത്ത് മുൻപും വന്യമൃഗ പ്രശ്നമുണ്ടായിരുന്നതിനാൽ പ്രതിരോധ പ്രവർത്തനം നടത്തിയിരുന്നു. എന്നാൽ ആനകൾ അതെല്ലാം തകർത്തു. ആധുനിക സംവിധാനങ്ങളോടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.വീട്ടിലേക്കു നടന്നു പോകുകയായിരുന്ന അമ്മയ്ക്കും മകനും നേരെ ഇന്നലെ വൈകിട്ടാണ് കാട്ടാന ആക്രമണമുണ്ടായത്. കയറംകോടം കണ്ണാടൻച്ചോല അത്താണിപ്പറമ്പിൽ കുളത്തിങ്കൽ ജോസഫ് മാത്യുവിന്റെ മകൻ അലൻ ജോസഫ്(23) ആണ് മരിച്ചത്. അലന്റെ അമ്മ വിജിക്ക് (46) ഗുരുതരമായി പരുക്കേറ്റു. ഇവരെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട്‍ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും‍ പ്രവേശിപ്പിച്ചു. കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അലൻ, ഞായറാഴ്ചയാണ് നാട്ടിലെത്തിയത്. മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് ഉച്ചവരെ സിപിഎം പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുകയാണ്.


Source link

Related Articles

Back to top button