തല്ലുമാലയ്ക്കു ശേഷം ഖാലിദ് റഹ്മാൻ; എന്ത് കൊണ്ട് ‘ആലപ്പുഴ ജിംഖാന’ ?

ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ആലപ്പുഴ ജിംഖാന’ ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്നത്. കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത് എന്നാണ് സിനിമയെക്കുറിച്ച് ഖാലിദ് റഹ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്ത് കൊണ്ട് ആലപ്പുഴ ജിംഖാന പ്രേക്ഷകരിലേറെ പ്രതീക്ഷകൾ കൂട്ടുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളും നിരവധിയാണ്. നസ്ലിൻ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിലെ മറ്റു താരങ്ങളായ ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് തുടങ്ങിയവർ നടത്തിയ മേക്കോവർ സോഷ്യൽ മീഡിയയിൽ മുൻപേ തന്നെ ശ്രദ്ധേയമായിരുന്നു. സ്പോർട്സ് ഗെറ്റപ്പിലൂടെ എത്തിയ താരങ്ങളുടെ ഫസ്റ്റ് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. ഇതുവരെ ചെയ്തിട്ടുള്ള മറ്റു കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി പുതിയൊരു ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന നായകന്മാർ തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണവും പ്രതീക്ഷയും. അതോടൊപ്പം സൂപ്പർ ഹിറ്റ് ചിത്രം ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലക്ക് കൂടിയാണ് ‘ആലപ്പുഴ ജിംഖാന’യ്ക്ക് മേൽ സിനിമാപ്രേമികളിപ്പോൾ വലിയ പ്രതീക്ഷ നൽകുന്നത്. എന്നാലതോടൊപ്പം ചിത്രത്തിന്റെ ട്രെയ്ലറിന്റെ ക്വാളിറ്റി പാൻ ഇന്ത്യൻ ലെവലിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നതിനോടൊപ്പം തന്നെ ഇതിനകം 55 ലക്ഷം കാഴ്ചക്കാരെ ചിത്രത്തിന്റെ ട്രെയ്ലർ യൂട്യൂബിൽ സ്വന്തമാക്കിയിട്ടുമുണ്ട്.
Source link