INDIALATEST NEWS

വഖഫ് ബില്ലിനെ പിന്തുണച്ചു; മണിപ്പുരിൽ ബിജെപി നേതാവിന്റെ വീടിന് തീയിട്ടു


ഇംഫാൽ∙ വഖഫ് ബില്ലിനെ പിന്തുണച്ച ബിജെപി നേതാവിന്റെ വീടിന് തീയിട്ടു. മണിപ്പുരിലെ തൗബൽ ജില്ലയിലാണ് സംഭവം. ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് അസ്കർ അലി മക്കാക്മയുമിന്റെ വീടിനാണ് ഒരുകൂട്ടം ആളുകൾ തീവച്ചത്.  ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഒരു കൂട്ടം ആളുകൾ അസ്കർ അലിയുടെ വീടിനു സമീപത്തേക്ക് എത്തുകയും വീട്ടിലെ വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. പിന്നാലെ വീടിന് തീവച്ചെന്ന് പ്രദേശവാസികൾ പറഞ്ഞു.  സ്ഥലത്തെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞെന്ന് പൊലീസ് പറഞ്ഞു. വഖഫ് ബില്ലിനെ അനുകൂലിച്ച് അസ്കർ നേരത്തെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. വഖഫ് ബില്ലിൽ ആരും രാഷ്ട്രീയം കളിക്കരുതെന്നായിരുന്നു അസ്കറിന്റെ പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ, ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു എന്നിവരെ ടാഗ് ചെയ്താണ് പോസ്റ്റ് പങ്കുവച്ചത്. പിന്നാലെയാണ് വീടിനു നേരെ ആക്രമണം ഉണ്ടായത്. വീടിന് തീവച്ചതിനു പിന്നാലെ അസ്കർ മറ്റൊരു വിഡിയോയും സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. മുസ്‍ലിം സമുദായത്തോടു ഞാൻ ക്ഷമ ചോദിക്കുന്നു. നിയമം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുന്നെന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞു.


Source link

Related Articles

Back to top button