നടൻ അജിത്തിന്റെ 285 അടി കൂറ്റൻ കട്ടൗട്ട് തകർന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആരാധകർ; വിഡിയോ


നടൻ അജിത്ത് കുമാറിനു വേണ്ടി നിർമിച്ച 285 അടിയുള്ള കൂറ്റൻ കട്ടൗട്ട് തകർന്നു വീണു. താരം നായകനായെത്തുന്ന ‘ഗുഡ് ബാഡ് അഗ്ലി’ സിനിമയുടെ റിലീസിനോടനുബന്ധിച്ച് തിരുനൽവേലിയിലെ തിയറ്ററിനു മുമ്പിൽ സ്ഥാപിക്കാനൊരുങ്ങിയ കട്ടൗട്ട് ആണ് തകർന്നത്. താരത്തിന്റെ ആരാധകർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ആർക്കും പരുക്കില്ല.‌സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ശക്തമായ കാറ്റ് ആണ് അപകടത്തിന് ഇടയാക്കിയത്. ഉയര്‍ന്ന കട്ട്ഔട്ട് ആടിയുലയുകയും തുടര്‍ന്ന് നിലത്തേക്ക് വീഴുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വിഡിയോയില്‍ കാണാം. നിരവധി ആരാധകര്‍ പേടിച്ച് സ്ഥലത്തു നിന്ന് ഓടിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ഇങ്ങനെയുള്ള കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നതിനും പാലഭിഷേകം നടത്തുന്നതിനുമെതിരെ അജിത്ത് തന്നെ രംഗത്തുവന്നിട്ടുണ്ട്. താരത്തിനു പോലും താല്‍പര്യമില്ലാത്ത ഇത്തരം ആഘോഷങ്ങൾ എന്തിനാണ് സംഘടിപ്പിക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനം. മതിയായ സുരക്ഷാ സംവിധാനമില്ലാതെ ഇത്തരം കട്ടൗട്ടുകള്‍ സ്ഥാപിച്ചവർക്കെതിരെ നിയമപരമായ നടപടി എടുക്കണമെന്നും പറയുന്നവരുണ്ട്.


Source link

Exit mobile version