മുണ്ടൂരിൽ അലന്റെ മരണത്തിനിടയാക്കിയത് വനംവകുപ്പിന്റെ ഗുരുതര വീഴ്‌ച, കാട്ടാനകളിറങ്ങിയ വിവരം അറിയിച്ചില്ല

പാലക്കാട്: മുണ്ടൂർ കയങ്കോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കൽ വിനുവിന്റെ മകൻ അലൻ (24) കാട്ടാന ആക്രമണത്തിൽ മരിച്ച സംഭവത്തിൽ വനംവകുപ്പിനെതിരെ നാട്ടുകാർ. കഴിഞ്ഞദിവസങ്ങളിൽ പ്രദേശത്ത് കാട്ടാനകളിറങ്ങിയിട്ടും വനംവകുപ്പ് കൃത്യമായി വിവരമറിയിച്ചില്ലെന്നും അത്തരത്തിൽ അറിയിച്ചിരുന്നെങ്കിൽ യുവാവിന്റെ ജീവൻ നഷ്‌ടമാകില്ലായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. കൃത്യമായി വനംവകുപ്പ് ഇടപെട്ടിരുന്നെങ്കിൽ അലന്റെ ജീവൻ നഷ്‌ടപ്പെടില്ലായിരുന്നെന്ന് സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.എ ഗോകുൽദാസ് വ്യക്തമാക്കി.
പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. സ്ഥലത്ത് ഫെൻസിംഗ് നടത്തിയിട്ടുണ്ടെങ്കിലും ഒരുഭാഗത്ത് പാറകൾ നിറഞ്ഞയിടത്ത് ഇത് ചെയ്‌തിട്ടില്ലെന്നും ഈ വഴി ആനകൾ പ്രവേശിക്കുന്നത് പതിവാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. കാട്ടാനകൾ കാരണം സ്വതന്ത്രമായി നാട്ടിലിറങ്ങി നടക്കാൻ കഴിയില്ലെന്നും നാട്ടുകാർ ആരോപിച്ചു. ആനയിറങ്ങിയ വിവരം അറിയാതെ കടയിൽ പോയി മടങ്ങിവരും വഴിയാണ് അലനെയും അമ്മയെയും കാട്ടാനക്കൂട്ടം ആക്രമിച്ചത്. സംഭവം നടന്ന കയറംകോട് ഒടുവംകാട് മേഖലയിൽ വന്യമൃഗശല്യം ഒഴിവാക്കാൻ വനംവകുപ്പിനോട് ആവശ്യപ്പെട്ടെന്നാണ് തഹസിൽദാർ വ്യക്തമാക്കുന്നത്.
മുണ്ടൂരടക്കം മലമ്പുഴ നിയോജകമണ്ഡലത്തിലാകെ കാട്ടാനശല്യം രൂക്ഷമാണെന്നും ചുരുങ്ങിയ കാലം കൊണ്ട് ഒൻപതുപേർ ഇവിടെ കാട്ടാനയാക്രമണത്തിൽ മരിച്ചു എന്നുമാണ് വിവരം. കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയാണ് അലനും അമ്മയ്‌ക്കുമെതിരെ കാട്ടാന ആക്രമണം ഉണ്ടായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മുത്തശ്ശി ഫോണിൽ സുഹൃത്തുക്കളെ വിളിച്ചറിയിച്ചപ്പോഴാണ് നാട്ടുകാർ കാട്ടാന ആക്രമണത്തെക്കുറിച്ച് അറിയുന്നത്.
Source link