‘ചിലത് ശരിയാക്കാൻ ചില മരുന്ന് കഴിക്കേണ്ടി വരും; നമ്മുടെ രാജ്യം ശക്തം’: പകരച്ചുങ്കത്തിൽ ട്രംപ്

വാഷിങ്ടൻ∙ വിവിധ രാജ്യങ്ങൾക്ക് പകരച്ചുങ്കം ചുമത്തിയ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചില കാര്യങ്ങൾ ശരിയാക്കാൻ ചില മരുന്നുകൾ കഴിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഉയർന്ന താരിഫ് ചുമത്തിയതിനു പിന്നാലെ ആഗോള വിപണികളിൽ ഇടിവ് വന്നതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാര പങ്കാളികൾ യുഎസിനോട് മോശമായി പെരുമാറാൻ കാരണം ജോ ബൈഡന്റെ നേതൃത്വത്തിലുള്ള സർക്കാരാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ‘‘വ്യാപാര പങ്കാളികൾ യുഎസിനോട് മോശമായ രീതിയിലാണ് പെരുമാറുന്നത്. ഇതിനു കാരണം മുൻപുണ്ടായ മണ്ടൻ ഭരണകൂടമാണ്. വിപണികൾക്ക് എന്ത് സംഭവിക്കുമെന്ന് എനിക്ക് പറയാൻ കഴിയില്ല. പക്ഷേ നമ്മുടെ രാജ്യം വളരെ ശക്തമാണ്’’– ട്രംപ് പറഞ്ഞു. താരിഫ് വിഷയത്തിൽ തങ്ങളുമായി ചർച്ച നടത്താനായി മറ്റു രാജ്യങ്ങൾ അശ്രാന്തം പരിശ്രമിക്കുകയാണെന്നും ട്രംപ് മാധ്യമങ്ങളോടു വ്യക്തമാക്കി. ഏപ്രിൽ 2നാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യുഎസ് പകരച്ചുങ്കം ഏർപ്പെടുത്തിയത്.
Source link