മാലെഗാവ്: വിധിയെഴുതും മുൻപ് ജഡ്ജിക്ക് മാറ്റം; വാദം കേൾക്കലിനിടെ സ്ഥലം മാറ്റപ്പെടുന്ന അഞ്ചാമത്തെ ജഡ്‌ജി

മുംൈബ ∙ 2008 മാലെഗാവ് സ്ഫോടനക്കേസിൽ വിധിന്യായം തയാറാക്കുന്നതിനു മുൻപേ, വാദം കേട്ടിരുന്ന എൻഐഎ കോടതി ജഡ്ജി എ.കെ.ലഹോട്ടിയെ മുംബൈയിൽനിന്നു നാസിക്കിലേക്കു സ്ഥലംമാറ്റി. ഭോപാലിൽനിന്നുള്ള ബിജെപി മുൻ എംപിയും സന്യാസിനിയുമായ പ്രജ്ഞ സിങ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.ജഡ്ജിമാരുടെ വാർഷിക സ്ഥലം മാറ്റത്തോട് അനുബന്ധിച്ച് ബോംബെ ഹൈക്കോടതിയുടെ റജിസ്ട്രാർ ജനറലാണ് ഉത്തരവ് ഇറക്കിയത്. വേനൽ അവധിക്കു ശേഷം ജൂൺ 9ന് സ്ഥലംമാറ്റം പ്രാബല്യത്തിൽ വരും. വാദംകേൾക്കൽ പൂർത്തിയായ േകസുകളിൽ അതിനു മുൻപ് വിധിന്യായം പൂർത്തിയാക്കണമെന്ന് സ്ഥലംമാറ്റപ്പെട്ട എല്ലാ ജഡ്ജിമാരോടും നിർദേശിച്ചു.ശനിയാഴ്ചത്തെ അവസാന വാദംകേൾക്കലിൽ, ഇൗ മാസം 15ന് അകം ശേഷിക്കുന്ന വാദങ്ങൾ പൂർത്തിയാക്കാൻ ജഡ്ജി പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും നിർദേശിച്ചിരുന്നു. ജഡ്ജിയുടെ സ്ഥലംമാറ്റം നീതി വൈകിപ്പിക്കുമെന്ന് സ്ഫോടനത്തിന് ഇരയായവർ പറഞ്ഞു. കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണവർ. 17 വർഷം പഴക്കമുള്ള കേസിന്റെ വാദംകേൾക്കലിനിടെ സ്ഥലം മാറ്റപ്പെടുന്ന അഞ്ചാമത്തെ ജഡ്ജിയാണ് ലഹോട്ടി.
Source link