ശബരിമലയിൽ വിളക്കിനെഴുന്നള്ളത്ത് ഭക്തിസാന്ദ്രം

ശബരിമല: പൈങ്കുനി ഉത്ര ഉത്സവത്തിന്റെ ഭാഗമായി ശബരിമലയിൽ ഇന്നലെ നടന്ന വിളക്കിനെഴുന്നെള്ളത്ത് ഭക്തിസാന്ദ്രമായി. വൈകിട്ട് ദീപാരാധന, പടിപൂജ, പുഷ്പാഭിഷേകം, മുളപൂജ, അത്താഴപൂജ, ശ്രീഭൂതബലി എന്നിവയ്ക്കു ശേഷം വിളക്കിനെഴുന്നള്ളത്ത് ആരംഭിച്ചു. വെളിയനല്ലൂർ മണികണ്ഠൻ ദേവന്റെ തിടമ്പേന്തി. വാദ്യമേളങ്ങളുടെയും തീവെട്ടിയുടെയും ശരണമന്ത്ര ഘോഷങ്ങളുടെയും അകമ്പടിയിൽ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം നടത്തിയ ശേഷം സേവ ആരംഭിച്ചു. സേവയ്ക്കു ശേഷം നാല് തവണ കൂടി പ്രദക്ഷിണം പൂർത്തിയാക്കി തിടമ്പ് ഇറക്കി എഴുന്നെള്ളിച്ചു.
10നാണ് പള്ളിവേട്ട . ശരംകുത്തിയിലെ പള്ളിവേട്ടയ്ക്കു ശേഷം സന്നിധാനത്ത് തിരികെയെത്തുന്ന ദേവൻ തിടപ്പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ ഭാഗത്താണ് പള്ളിയുറങ്ങുന്നത്. 11നാണ് ആറാട്ട്. അന്ന് രാവിലെ 9ന് പമ്പയിലേക്ക് ആറാട്ട് ഘോഷയാത്ര പുറപ്പെടും. ആറാട്ടിനു ശേഷം ദേവനെ പമ്പാ ഗണപതി കോവിലിലേക്ക് എഴുന്നെള്ളിച്ചിരുത്തും. വൈകിട്ട് 3ന് ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് മടങ്ങും. ഘോഷയാത്ര സന്നിധാനത്ത് എത്തിയ ശേഷം കൊടിയിറക്ക്, ആറാട്ട് കലശം, ദീപാരാധന എന്നിവ നടക്കും. 14നാണ് വിഷു. മേടമാസ പൂജകൾ പൂർത്തിയാക്കി 18ന് രാത്രി 10ന് നടയടയ്ക്കും.
Source link