ഇന്ന് ലോകാരോഗ്യ ദിനം വീട്ടിലെ പ്രസവത്തിന് എതിരെ ഡോ. പ്രതിഭയുടെ പോരാട്ടം

തിരുവനന്തപുരം: ഗർഭസ്ഥശിശുവിന്റെ ആരോഗ്യം ഉറപ്പാക്കണം. വീട്ടിലെ പ്രസവങ്ങൾ ഒഴിവാക്കണം. ആശുപത്രിയിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തന്നെയാകണം പ്രസവം. അപൂർവമാണെങ്കിലും വീട്ടിലെ പ്രസവങ്ങൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അതിനെതിരെ പോരാട്ടം നടത്തുകയാണ് മലപ്പുറം താനൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.കെ.പ്രതിഭ.
വീട്ടിലെ പ്രസവങ്ങൾ നിയന്ത്രിക്കാൻ സർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭ സർക്കാരിനെ സമീപിച്ചു. പിന്നാലെ ഹൈക്കോടതിയിൽ ഹർജിയും നൽകി. ഇതിൽ സർക്കാരിന്റെ നിലപാട് തേടിയിരിക്കുകയാണ് ഹൈക്കോടതി. 2023ൽ മലപ്പുറം താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ ചില അനധികൃത പ്രസവ കേന്ദ്രങ്ങളുണ്ടായിരുന്നു. പൊലീസിന്റെ സഹായത്തോട നാല് കേന്ദ്രങ്ങൾ അടച്ചുപൂട്ടി. തുടർന്നാണ്
നിയമപോരാട്ടത്തിനും തുടക്കമിട്ടത്.
കഴിഞ്ഞദിവസം മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തോടെ പ്രതിഭയുടെ പോരാട്ടത്തിന് പ്രസക്തിയേറുകയാണ്. അമ്മയുടേയും നവജാത/ഗർഭസ്ഥ ശിശുക്കളുടെയും ആരോഗ്യം എന്നതാണ് ഇത്തവണ ലോകാരോഗ്യ ദിനത്തിലെ വിഷയം.
പ്രതിഭയുടെ ശ്രമഫലമായാണ് റിമാൻഡ് പ്രതികളുടെ വൈദ്യപരിശോധനയ്ക്കും കൃത്യമായ മാർഗരേഖ സർക്കാർ പുറത്തിറക്കിയത്. മലപ്പുറം താനൂർ സ്വദേശിയാണ് പ്രതിഭ. അഭിഭാഷകനായ ജയ്സിംഗാണ് ഭർത്താവ്. മക്കൾ: അരോണിസ,അന്നമറിയം.
”സർക്കാർ ആശുപത്രികളിൽ മികച്ച ചികിത്സ സൗജന്യമായി ലഭിക്കുമ്പോൾ ഇത്തരം തെറ്റായരീതികൾ അംഗീകരിക്കാനാകില്ല
-ഡോ.കെ.പ്രതിഭ
Source link