ആറാമത്തെ അമരക്കാരന് ആവേശ വരവേൽപ്

മധുര∙ അഞ്ചുദിവസത്തെ ആകാംക്ഷ; ഒടുവിൽ കാത്തിരുന്ന പ്രഖ്യാപനം. സിപിഎം പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ പ്രഖ്യാപിക്കാൻ നിയോഗിക്കപ്പെട്ടത് പിബിയിലെ മുതിർന്ന അംഗമായ കേരള മുഖ്യമന്ത്രി പിണറായി വിജയൻ.എം.എ.ബേബിയുടെ പേര് അദ്ദേഹം പ്രഖ്യാപിച്ചപ്പോൾ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയും കയ്യടിച്ചുമാണു പ്രതിനിധികൾ വരവേറ്റത്. പാർട്ടി ഏൽപിച്ച ചുമതല ഏറ്റെടുക്കുന്നതായി പറഞ്ഞ ബേബി പുതിയ പിബി അംഗങ്ങളെ പ്രഖ്യാപിച്ചു. ഇതോടെ പാർട്ടിയുടെ ആറാമത്തെ അമരക്കാരനായി ബേബി ചുമതലയേറ്റു.കോഓർഡിനേറ്ററായി പ്രവർത്തിച്ചുവന്ന പ്രകാശ് കാരാട്ട്, ബേബിയുടെ വലതുകൈ പിടിച്ചുയർത്തി പ്രതിനിധിസമ്മേളനത്തെ അഭിവാദ്യം ചെയ്തു. വേദിയിലെ പിബി അംഗങ്ങളെല്ലാം ഇവർക്ക് ഇരുവശത്തുമായി ചേർന്നുനിന്ന് കൈകോർത്ത് ഉയർത്തിപ്പിടിച്ച്, പാർട്ടി ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകി.ജനറൽ സെക്രട്ടറിയെന്ന നിലയിൽ ചെറുപ്രസംഗവും ബേബി നടത്തി.എം.എ. ബേബിയുടെ പേര് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തുടക്കം മുതൽ ഉണ്ടായിരുന്നതിനാൽ കേരളത്തിൽനിന്നുള്ള പ്രതിനിധികളും അണികളും ആവേശത്തിലായിരുന്നു. സമ്മേളനം നടക്കുന്ന തമുക്കത്തെ ഓഡിറ്റോറിയത്തിലേക്ക് രാവിലെ മുതൽ കേരളത്തിൽനിന്നുള്ള പ്രവർത്തകരുടെ ഒഴുക്കായിരുന്നു. സമ്മേളനം അവസാനിച്ച ശേഷം ഇറങ്ങിവന്ന ബേബിയെ അഭിവാദ്യ മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ പൊതിഞ്ഞു. ‘കൊല്ലത്തിന്റെ ചെന്താരകം എം.എ.ബേബിക്ക് അഭിവാദ്യങ്ങൾ’ എന്ന ബാനറുമായി കൊല്ലത്തുനിന്ന് ഒരു സംഘം എത്തിയിരുന്നു. അവരുടെ അഭിവാദ്യവും ബേബി ഏറ്റുവാങ്ങി. ഇഎംഎസിനും പ്രകാശ് കാരാട്ടിനും ശേഷം ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്ന മലയാളിയെന്ന നിലയിൽ ബേബിയുടെ നേട്ടം കേരളത്തിൽനിന്നുള്ള സഖാക്കൾ ആഘോഷമാക്കി.
Source link