ചെന്നൈ∙ തമിഴ്നാട് ബിജെപിയുടെ അധ്യക്ഷ പദവിയിലേക്കു മത്സരിക്കാനില്ലെന്നു നിലവിലെ അധ്യക്ഷൻ കെ.അണ്ണാമലൈ അറിയിച്ചതോടെ പുതിയ അധ്യക്ഷനെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 2021ലാണ് ഐപിഎസ് പദവി ഉപേക്ഷിച്ചെത്തിയ അണ്ണാമലൈയെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനാക്കുന്നത്. ഇടയ്ക്കുവച്ച് സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയുമായി കൊമ്പുകോർത്തതാണ് ഇപ്പോൾ അധ്യക്ഷ പദവിയിൽനിന്നു പുറത്തേക്കുള്ള വഴി തുറന്നതെന്നാണു സൂചന.മുൻമുഖ്യമന്ത്രി ജയലളിതയെ കുറിച്ചു വിവാദ പരാമർശം ഉന്നയിച്ചതിനെത്തുടർന്നാണു കഴിഞ്ഞ വർഷം ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് അണ്ണാഡിഎംകെ എൻഡിഎ സഖ്യം വിട്ടത്. എന്നാൽ വേർപിരിഞ്ഞു മത്സരിച്ച അണ്ണാഡിഎംകെയ്ക്കും ബിജെപിക്കും തമിഴ്നാട്ടിലെ ഒറ്റ സീറ്റിൽപ്പോലും വിജയിക്കാനായില്ല. മാത്രമല്ല, ഡിഎംകെയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി പുതുച്ചേരി ഉൾപ്പെടെയുള്ള 40 സീറ്റുകളിൽ വൈറ്റ്‌വാഷ് പ്രകടനം നടത്തുകയും ചെയ്തു.∙ വെറുതെയാകില്ല മടക്കം സ്ഥാനം ഒഴിയുന്ന അണ്ണാമലൈയെ കേന്ദ്രമന്ത്രിസഭയിലേക്ക് എടുക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. കർണാടക കേഡറിലെ മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈയെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നുവെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽനിന്നുള്ള എൽ.മുരുകൻ മോദി മന്ത്രിസഭയിൽ അംഗമാണ്. അണ്ണാമലൈയെ കേന്ദ്രമന്ത്രിയാക്കുന്നതു വഴി തമിഴ്നാട്ടിൽനിന്നു രണ്ടു പേർക്കു കേന്ദ്രമന്ത്രിസഭയിലേക്കുള്ള പ്രാതിനിധ്യം ഉറപ്പിക്കാന്‍ ബിജെപിക്കു കഴിയും. കേരളത്തിൽനിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായിട്ടുണ്ട്. രാമേശ്വരത്ത് പാമ്പൻ പാലം ഉദ്ഘാടനത്തിനെത്തിയ നരേന്ദ്ര മോദി, അണ്ണാമലൈ അടക്കമുള്ള ബിജെപി സംസ്ഥാന നേതാക്കളുമായി ഭാവികാര്യങ്ങൾ ചർച്ച ചെയ്തിരുന്നു.
Source link
മുൻ ഐപിഎസുകാരൻ ഇനി കേന്ദ്ര ആഭ്യന്തര സഹമന്ത്രി? അണ്ണാമലൈയെ ‘വെട്ടി’ അണ്ണാഡിഎംകെയ്‌ക്കൊപ്പം കളംപിടിക്കാൻ ബിജെപി
