KERALAM

ഭക്ഷണം പൊതിഞ്ഞ റാപ്പറും കഴിക്കാം, മാലിന്യരഹിത പദ്ധതിയുമായി കാർഷിക കോളേജ് വിദ്യാർത്ഥികൾ

ആഷിറും മുഹമ്മദ് നബിനും.

തിരുവനന്തപുരം: ഭക്ഷണം പൊതിഞ്ഞിരിക്കുന്നത് പ്ലാസ്റ്റിക് കവറിലായാലും വാഴയിലയിലായാലും വലിച്ചെറിയുന്ന ശീലം അവസാനിപ്പിക്കാം. കോൺ ഐസ്ക്രീം നുണഞ്ഞശേഷം കോൺ കഴിക്കുന്നതുപോലെ ഭക്ഷണം പൊതിഞ്ഞ റാപ്പർ കഴിക്കാം.

എഡിബിൾ പാക്കേജിംഗ് സാങ്കേതികവിദ്യയിലൂടെ ഭക്ഷണം പൊതിയാനുള്ള റാപ്പറുകൾ നിർമ്മിച്ചിരിക്കുകയാണ് വെള്ളായണി കാർഷിക കോളേജിലെ വിദ്യാർത്ഥികൾ. കോഴിക്കോട് കുന്ദമംഗലം സ്വദേശി ആഷിറും ജൂനിയറായ കൊല്ലം അഞ്ചൽ സ്വദേശി മുഹമ്മദ് നബിനുമാണിവർ.

‘ഏദൻ റാപ്പേർഴ്സ്’ എന്നാണ് പേര്.

കാഴ്ചയിൽ ഒരു കവർ. എസൻസുകൾ ചേർത്ത് രുചി പകരാം. വലിച്ചെറിഞ്ഞാലും പരിസ്ഥിതിക്ക് ദോഷമില്ല.

പ്രത്യേകയിനം ചെടികളിലും ബാക്ടീരിയകളിലും നിന്നും ശേഖരിച്ച സ്റ്റാർച്ചും സെല്ലുലോസുമാണ് അടിസ്ഥാനഘടകം. അതിലേയ്ക്ക് പ്രകൃതിദത്തമായ എസൻഷ്യൽ ഓയിലുകൾ(സുഗന്ധതൈലങ്ങൾ) ചേർത്താണ് റാപ്പർ നിർമ്മിക്കുന്നത്.

എം.എസ് സി ബയോടെക്നോളജി അവസാനവർഷ വിദ്യാർത്ഥിയാണ് ആഷിർ. ബി.എസ്.സി ഓണേഴ്സ് അഗ്രികൾച്ചർ വിദ്യാർത്ഥിയാണ് മുഹമ്മദ്.ആഷിറിന്റെ അച്ഛൻ ഉമ്മർ,അമ്മ അസീന.സഹോദരങ്ങൾ അഷീറാ,അസ്ന. മുഹമ്മദിന്റെ അച്ഛൻ നിസാം,അമ്മ താഹിറ,സഹോദരി നീമ.

മികച്ച സ്റ്റാർട്ടപ്പ്

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സ്റ്റാർട്ടപ്പ് ഇവന്റിൽ കാർഷിക രംഗവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുത്ത മികച്ച രണ്ടു സ്റ്റാർട്ടപ്പുകളിൽ ഒന്നാണിത്.
ഐ.ഐ.ടി മദ്രാസിലെ പിച്ചിംഗ് ഇവന്റിൽ സംഘം വിജയിച്ചു. ഐ.ഐ.ടി ബോംബെ,എൻ.ഐ.ടി കാലിക്കട്ട് എന്നിവിടങ്ങളിൽ ഫൈനലിസ്റ്റായി.

2021മുതൽ പുസ്തകങ്ങൾ വായിച്ചും യൂട്യൂബ് വീഡിയോകൾ കണ്ടും പരീക്ഷണം ആരംഭിച്ചു.

കോളേജിൽ നിന്നു ലഭിച്ച ഫണ്ടും മത്സരങ്ങളിൽ നിന്ന് സമാഹരിച്ച സമ്മാനത്തുകയുമായിരുന്നു മൂലധനം. കോളേജിലെ റിസേർച്ച് ഡീൻ റോയ് സ്റ്റീഫൻ പിന്തുണച്ചു.

ബർഗറിൽ തുടക്കം

ആദ്യഘട്ടമായി ടെക്നോപാർക്കിലും ഇൻഫോപാർക്കിലും സാൻവിച്ചും ബർഗറും പൊതിയാൻ ഉപയോഗിക്കും.സി.എസ്.ഐ.ആറിന്റെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻക്യുബേഷന് ശ്രമിക്കുന്നുണ്ട്.പേറ്റന്റിനും അപേക്ഷിച്ചിട്ടുണ്ട്. എത്രയും വേഗം വിപണിയിലെത്തിക്കും.


Source link

Related Articles

Back to top button