കൊച്ചിയിൽ കെ എം ആർ എല്ലിന്റെ പുതിയ പദ്ധതിയും ഹിറ്റ്, യാത്ര ചെയ്തത് രണ്ടുലക്ഷം പേർ
കൊച്ചി: ഫസ്റ്റ്‌മൈൽ ലാസ്റ്റ്‌മൈൽ കണക്ടിവിറ്റി ലക്ഷ്യമിട്ട് കെ.എം.ആർ.എൽ നടപ്പാക്കിയ മെട്രോ കണക്ട് ഇലക്ട്രിക് ബസ് സർവീസിൽ യാത്ര ചെയ്തത് രണ്ടു ലക്ഷത്തിലേറെപ്പേർ. ആലുവ, കളമശ്ശേരി, ഇൻഫോപാർക്ക്, ഹൈക്കോർട്ട് റൂട്ടുകളിലായി പ്രതിദിനം 3,102-ൽ അധികം പേരാണ് ഇലക്ട്രിക് ബസിൽ യാത്ര ചെയ്തത്. ജനുവരി 16 മുതൽ വിവിധ ഘട്ടങ്ങളിലായി ആരംഭിച്ച ബസ് സർവീസിൽ ഇതുവരെ 2,05,854 പേർ യാത്ര ചെയ്തു.
ആലുവ-എയർപോർട്ട് റൂട്ടിൽ ഇപ്പോൾ പ്രതിദിനം ശരാശരി 1,350-ൽ അധികം പേരാണ് യാത്ര ചെയ്യുന്നത്. ഇതുവരെ ഈ റൂട്ടിൽ 1,02,564 പേർ യാത്ര ചെയ്തു. കളമശ്ശേരി റൂട്ടിലെ യാത്രക്കാരുടെ പ്രതിദിന ശരാശരി എണ്ണം 730 ആണ്. ഇതുവരെ 54,515 പേർ യാത്ര ചെയ്തു. ഇൻഫോപാർക്ക് റൂട്ടിൽ പ്രതിദിനം ശരാശരി 890 പേർ യാത്ര ചെയ്യുന്നു. ഇതുവരെ 40,202 പേർ യാത്ര ചെയ്തു.
ഹൈക്കോർട്ട് റൂട്ടിലും ആളു കൂടി
ഏറ്റവും ഒടുവിൽ സർവീസ് ആരംഭിച്ച ഹൈക്കോർട്ട്-എം.ജി. റോഡ് സർക്കുലർ റൂട്ടിൽ അവധിക്കാലമായതോടെ ഇപ്പോൾ പ്രതിദിനം ശരാശരി 773 പേർ യാത്ര ചെയ്യുന്നുണ്ടെന്ന് കെ.എം.ആർ.എൽ വ്യക്തമാക്കുന്നു. ഇതുവരെ ഈ റൂട്ടിൽ 8,573 പേർ യാത്ര ചെയ്തു.
മാർച്ച് 19-ന് തുടങ്ങിയ ഈ സർവീസിൽ ആദ്യ ആഴ്ച മൂന്ന് ബസുകളിലായി 1,556 പേരാണ് യാത്ര ചെയ്തത്. മാർച്ച് 29 മുതൽ ഏപ്രിൽ നാല് വരെ 5,415 പേർ യാത്ര ചെയ്തു. യാത്രക്കാരുടെ എണ്ണത്തിൽ ഹൈക്കോർട്ട് റൂട്ടിൽ രണ്ടര ഇരട്ടി വർധനയാണ് ഈ ആഴ്ചയിൽ ഉണ്ടായത്.
ജനുവരി 16ന് ആരംഭിച്ച മെട്രോ കണക്ട് ബസിന്റെ ആദ്യ സർവീസ് ദിനത്തിൽ ആലുവ- എയർപോർട്ട്, കളമശേരി- മെഡിക്കൽ കോളേജ്, കളമശ്ശേരി- കുസാറ്റ് റൂട്ടുകളിലായി 1,855 പേരാണ് യാത്ര ചെയ്തത്. അന്ന് എയർ പോർട്ട് റൂട്ടിൽ 1,345 പേരും കളമശേരി റൂട്ടിൽ 510 പേരും ഇലക്ട്രിക് ബസ് ഉപയോഗിച്ചു. 1,18,180 രൂപ കളക്ഷനും ലഭിച്ചു.
15 കോടി മുടക്ക്,
15 ബസുകൾ
33 സീറ്റ് ബസ്
മുട്ടം, കലൂർ, വൈറ്റില, ആലുവ എന്നിവിടങ്ങളിൽ ചാർജിംഗ് സ്റ്റേഷൻ
Source link