‘അണ്ണാ ഈ മാസം സെറ്റല്ലേ?’; തരുൺമൂർത്തിയുടെ പോസ്റ്റിന് ആരാധകന്റെ കമന്റ്

മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡചിത്രം എമ്പുരാന്റെ വലിയ വിജയത്തിനുശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘തുടരും’. സാധാരണക്കാരനായ ടാക്സി ഡ്രൈവറായി എത്തുന്ന മോഹൻലാലിന്റെ വേഷപ്പകർച്ചയാണ് ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നത്. വെറുമൊരു ഫീൽ ഗുഡ് ചിത്രം മാത്രമല്ല ‘തുടരും’ എന്ന പ്രതീതി ഉണർത്തി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള സംവിധായകൻ തരുൺ മൂർത്തിയുടെ പോസ്റ്റും ശ്രദ്ധ നേടുകയാണ്.‘ബാക്ക് ടു തുടരും മൂഡ്’ എന്ന അടിക്കുറിപ്പോടെ സംവിധായകൻ പങ്കുവച്ച ചിത്രം വീണ്ടും സിനിമയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി. സംവിധായകൻ തരുൺ മൂർത്തിയും ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഷാജി കുമാറുമാണ് ഫോട്ടോയിലുള്ളത്. രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്. ‘ഇങ്ങനെ ഇരുന്നാൽ മതിയോ? തുടങ്ങണ്ടേ നമുക്ക്’, ‘ഞങ്ങളും തുടരും മൂഡ് ആയി. അണ്ണാ ഈ മാസം എല്ലാം സെറ്റ് അല്ലേ’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയതു മുതൽ സിനിമയുടെ സ്വഭാവം സംബന്ധിച്ചുള്ള ചർച്ചകളും ആരാധകർക്കിടയിൽ സജീവമാണ്. ‘എന്താ മോനെ മൂഡ്’ എന്ന ചോദ്യത്തിനൊപ്പം മുണ്ടും ഷർട്ടും ധരിച്ച് വള്ളിച്ചെരുപ്പും ഇട്ട് സ്പ്ലെൻഡറിൽ പറക്കുന്ന മോഹൻലാലിന്റെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘എന്താ മോനെ മൂഡ്’ എന്ന ചോദ്യത്തിന് ‘ഇത് തുടരും മൂഡ്’ എന്നായിരുന്നു അണിയറപ്രവർത്തകരുടെ ഉത്തരം. ഇതിന്റെ തുടർച്ചയായി വേറെയും പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു. വിന്റജ് മോഹൻലാലിന്റെ രസികൻ ഭാവപ്പകർച്ചകളായിരുന്നു എല്ലാ പോസ്റ്ററുകളുടെയും ആകർഷണം.
Source link