‘ഹാൻഡ്സ് ഓഫ്’; ട്രംപിനെതിരെ യുഎസിൽ വൻ പ്രതിഷേധം, 5 ലക്ഷത്തോളം പേർ പങ്കെടുത്തു

വാഷിങ്ടൻ∙ ഡോണൾഡ് ട്രംപിന്റെ വിവേചനപരമായ നയങ്ങൾക്കെതിരെ യുഎസിന്റെ വിവിധ നഗരങ്ങളിൽ വൻ പ്രതിഷേധം. വാഷിങ്ടൻ, ന്യൂയോർക്ക്, ഹൂസ്റ്റൺ, ഫ്ലോറിഡ, കൊളറാഡോ, ലൊസാഞ്ചലസ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലുൾപ്പെടെ യുഎസിന്റെ 50 സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. രാജ്യത്താകമാനം 1,200 കേന്ദ്രങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ജനുവരിയിൽ ട്രംപ് അധികാരത്തിലെത്തിയതിനുശേഷം അദ്ദേഹത്തിനെതിരെ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. 5 ലക്ഷത്തോളം പേർ സമരത്തിൽ പങ്കെടുത്തെന്നാണ് കണക്ക്.ബില്യനയർമാരുടെ സഹായത്തോടെ ട്രംപ് നടത്തുന്ന ഏകാധിപത്യ പ്രവൃത്തികളെ അപലപിക്കുന്നതായി ‘ഹാൻഡ്സ് ഓഫ്’ എന്നു പേരിട്ട പ്രതിഷേധത്തിന്റെ സംഘാടകർ വ്യക്തമാക്കി. ‘എനിക്ക് വലിയ ദേഷ്യമുണ്ട്. പ്രത്യേകാധികാരങ്ങളുള്ള, പീഡന ആരോപണങ്ങൾ നേരിടുന്ന ഒരു കൂട്ടം വെള്ളക്കാരാണ് നമ്മുടെ രാജ്യം നിയന്ത്രിക്കുന്നത്. അതൊരു നല്ല കാര്യമല്ല’–ന്യൂയോർക്കിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത പെയിന്ററായ ഷൈന കെസ്നർ പറഞ്ഞു. സാമ്പത്തിക ഭ്രാന്താണ് ട്രംപ് കാണിക്കുന്നതെന്നും അദ്ദേഹം ആഗോളമാന്ദ്യത്തിലേക്ക് ലോകത്തെ തളളിവിടുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. യുഎസിനു പുറത്ത് ലണ്ടൻ, ബെർലിൻ തുടങ്ങിയ യൂറോപ്യൻ നഗരങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. പൗരാവകാശ സംഘടനകൾ, എൽജിബിടിക്യു പ്രവർത്തകർ, തൊഴിലാളി സംഘടനകൾ, തിരഞ്ഞെടുപ്പ് പരിഷ്കാരത്തിനായി വാദിക്കുന്നവർ എന്നിവരുൾപ്പെടെ 150 ഓളം സംഘടനകളുടെ നേതൃത്വത്തിൽ ട്രംപ് ഭരണകൂടത്തിനെതിരെ നടത്തുന്ന പ്രതിഷേധമാണ് ‘ഹാൻഡ്സ് ഓഫ്’ പ്രക്ഷോഭം. ഉയർന്ന തീരുവ ചുമത്തൽ, സർക്കാർ ജീവനക്കാരെ പിരിച്ചുവിടൽ, ഗർഭച്ഛിദ്ര വിലക്ക് തുടങ്ങിയ ട്രംപിന്റെ നയങ്ങൾക്കെതിരെയാണു പ്രതിഷേധം.
Source link