KERALAMLATEST NEWS

പി.ജിക്കൊപ്പം തൊഴിൽ പരിശീലനം, ഒരു വർഷ കോഴ്സും വരും

തിരുവനന്തപുരം: ബിരുദാനന്തര ബിരുദത്തിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതും നാലുവർഷ ബിരുദം കഴിഞ്ഞവർക്കായി ഒരു വർഷ പിജി തുടങ്ങുന്നതും സർക്കാരിന്റെ പരിഗണനയിൽ. തൊഴിൽ ഉറപ്പാക്കാനാണ് വൊക്കേഷണൽ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നത്. പി.ജി കോഴ്സുകളുടെ ഘടനയിലും മാറ്റം വരും. നാലുവർഷ ബിരുദക്കാർക്കാണ് ഒരു വർഷം കൊണ്ട് രണ്ട് സെമസ്റ്ററുകളിലായി പി.ജി പൂർത്തിയാക്കാനാവുക.

മൂന്നുവർഷ ബിരുദക്കാർക്ക് നിലവിലേതു പോലെ രണ്ടുവർഷ പി.ജി തുടരും. ഇവർ പി.ജിക്ക് ചേർന്ന് ഒരുവർഷം കൊണ്ട് നിശ്ചിത ക്രെഡിറ്റ് നേടി പഠനം അവസാനിപ്പിച്ചാൽ നാലുവർഷ ഓണേഴ്സ് ബിരുദം കിട്ടിയതായി പരിഗണിക്കും. ബിരുദ, ബിരുദാനന്തര കോഴ്സുകൾ കൂട്ടിച്ചേർത്ത് പ്ലസ്ടുക്കാർക്കായുള്ള 5വർഷ ഇന്റഗ്രേറ്റഡ് കോഴ്സും പരിഗണനയിലുണ്ട്. ബിരുദത്തിലെ മേജർ, മൈനർ വിഷയങ്ങളിൽ പി.ജിയെടുക്കാനുമാവും. രണ്ടുവർഷത്തെ പി.ജിക്ക് ചേരുന്നവർക്ക് രണ്ടാം വർഷം, പി.ജി വിത്ത് കോഴ്സ് വർക്ക്, പി.ജി വിത്ത് കോഴ്സ് വർക്ക് റിസർച്ച് / ഇന്റേൺഷിപ്പ്, പി.ജി വിത്ത് റിസർച്ച് / ഇന്റേൺഷിപ്പ് / അപ്രന്റീസ്ഷിപ്പ് എന്നിങ്ങനെ മൂന്നു രീതിയിൽ പൂർത്തിയാക്കാം. ആദ്യത്തേതിൽ മൂന്ന്,നാല് സെമസ്റ്ററുകൾ കോഴ്സ് വർക്കായിരിക്കും. ഓൺലൈൻ കോഴ്സുകളിലൂടെ അധിക ക്രെഡിറ്റ് നേടാം. രണ്ടാമത്തേതിൽ മൂന്നാം സെമസ്റ്റർ കോഴ്സ് വർക്കും നാലാം സെമസ്റ്റർ ഗവേഷണവും വ്യവസായ ഇന്റേൺഷിപ്പും ഫീൽഡ് വർക്കുമായിരിക്കും. മൂന്നാമത്തേതിൽ മൂന്ന്, നാല് സെമസ്റ്ററുകളിൽ ഗവേഷണമോ ഇന്റേൺഷിപ്പോ അപ്രന്റീസ്ഷിപ്പോ ആവാം. കരിക്കുലം കമ്മിറ്റി ചെയർമാൻ പ്രൊഫ.സുരേഷ് ദാസിന്റെ നേതൃത്വത്തിൽ കരട് രൂപരേഖയുണ്ടാക്കിയിട്ടുണ്ട്.


Source link

Related Articles

Back to top button