LATEST NEWS

‘സിനിമകളുടെ സാമ്പത്തിക ഇടപാടിൽ വ്യക്തത വേണം’; ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പിന്റെ നോട്ടിസ്


കൊച്ചി∙ എമ്പുരാൻ സംവിധായകൻ പൃഥ്വിരാജിനു പിന്നാലെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടിസ്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്. ‘എമ്പുരാനു’മായി നോട്ടിസിനു ബന്ധമില്ലെന്നാണ് ഐ.ടി. വൃത്തങ്ങള്‍ പറയുന്നത്. 2022ല്‍ നടന്ന റെയ്ഡിന്റെ തുടര്‍ച്ചയായാണ് നടപടി എന്നും ഉദ്യോഗസ്ഥർ പറയുന്നു. ഓവര്‍സീസ് റൈറ്റ്, താരങ്ങള്‍ക്ക് നല്‍കിയ പ്രതിഫലം എന്നീ കാര്യങ്ങളാണ് ആന്റണി പെരുമ്പാവൂരിനോട് ആദായ നികുതി വകുപ്പ് പ്രധാനമായും ചോദിച്ചത്. 2019 മുതല്‍ 2022 വരെയുള്ള കാലയളവിലെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവരങ്ങളായിരുന്നു 2022ലെ റെയ്ഡില്‍ ഐ.ടി. വകുപ്പ് പരിശോധിച്ചത്. നേരത്തേ കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ തേടിയായിരുന്നു പൃഥ്വിരാജിന് ഐ.ടി നോട്ടിസ് നൽകിയത്. അതിനിടെ ‘എമ്പുരാൻ’ നിര്‍മാതാവ് ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുകയും കോഴിക്കോടും ചെന്നൈയിലുമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. 1.5 കോടി രൂപയും സാമ്പത്തിക രേഖകളുമാണ് ഇ.ഡി പിടിച്ചെടുത്തത്. വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ (ഫെമ) ലംഘനത്തിന്റെ പേരിലായിരുന്നു റെയ്ഡ്.


Source link

Related Articles

Back to top button