സംഘടനാ റിപ്പോർട്ട്: അപകടം അടുത്ത്; തെറ്റുതിരുത്തലിന് സിപിഎം

മധുര∙ പാർട്ടി നേതാക്കൾ മുതൽ താഴെത്തട്ടു വരെ അഴിമതിയും സദാചാരത്തകർച്ചയും അധികാര മോഹവും വ്യാപകമാകുന്നുവെന്നു സിപിഎം ഏറ്റുപറച്ചിൽ. നേതാക്കൾക്കെതിരെ ലൈംഗിക പീഡന പരാതികൾ പോലും ഉയരുന്നു. ഉടൻ തിരുത്തിയില്ലെങ്കിൽ പാർട്ടിയുടെ നിലനിൽപ് അപകടത്തിലാകുമെന്ന മുന്നറിയിപ്പോടെ വീണ്ടും തെറ്റുതിരുത്തൽ പ്രക്രിയ പ്രഖ്യാപിച്ചു.പാർട്ടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോ അംഗം വി.വി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലാണ് പാർട്ടി നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്. നേതാവായിക്കഴിഞ്ഞാൽ പലരും തൊഴിലാളി വർഗത്തെ മറക്കുന്നതായി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. യുവാക്കളെ ആകർഷിച്ചില്ലെങ്കിൽ പാർട്ടിയുടെ ഭാവി അപകടത്തിലാകുമെന്നു മുന്നറിയിപ്പുണ്ട്. ആകെയുള്ള 81,513 ബ്രാഞ്ച് കമ്മിറ്റികളിൽ പലതും പ്രവർത്തിക്കുന്നില്ല. ബ്രാഞ്ചുകൾ പ്രവർത്തിച്ചാലേ അംഗങ്ങൾ സജീവമാകൂവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൊൽക്കത്ത പ്ലീനം പ്രഖ്യാപിച്ച തെറ്റു തിരുത്തൽ പ്രക്രിയ ഒറ്റത്തവണ നടത്തുന്ന പരിപാടിയല്ലെന്നും തുടർ പ്രക്രിയയാണെന്നും വി.വി രാഘവലു പറഞ്ഞു. തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിലെ അഴിമതികളെക്കുറിച്ചു റിപ്പോർട്ടിൽ പരാമർശിക്കുമ്പോൾ സഹകരണ മേഖലയിൽ കേരളത്തിൽ നടന്ന അഴിമതികൾ പറയാത്തതെന്ത് എന്ന ചോദ്യത്തിന്, ഗൗരവമുള്ള എല്ലാ വിഷയങ്ങളും റിപ്പോർട്ടിലുണ്ടെന്നും ചർച്ച ചെയ്തതാണെന്നും രാഘവലു പറഞ്ഞു.
Source link