LATEST NEWS

സ്കൂട്ടറിൽ ലോറി ഇടിച്ച് യുവതി മരിച്ച സംഭവം: ലോറി ഡ്രൈവർ പിടിയിൽ


രാമനാട്ടുകര∙ സഹോദരനൊപ്പം സ്‌കൂട്ടറിൽ പോകവേ ലോറി ഇടിച്ച് റോഡിലേക്കു വീണ യുവതി മറ്റൊരു വാഹനം ഇടിച്ചു മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ പിടിയിൽ. കർണ്ണാടക ഉടുപ്പി മധഗ സ്വദേശി മുഹമ്മദ് ഇബ്രാഹിം (48) നെ ആണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റ്യാടി ആയഞ്ചേരി കോമത്ത് മുഹമ്മദിന്റെ ഭാര്യ തേഞ്ഞിപ്പലം ദേവതിയാൽ പൂവളപ്പിൽ ബീബി ബിഷാറ (23) ആണു അപകടത്തിൽ മരിച്ചത്. കോഴിക്കോട് ഇഖ്റ ആശുപത്രി ലബോറട്ടറി ജീവനക്കാരിയായിരുന്ന ബീബി ബിഷാറ സഹോദരൻ ഫജറുൽ ഇസ്‌ലാമിനൊപ്പം ആശുപത്രിയിലേക്കു ജോലിക്കു പോകവേ രാമനാട്ടുകര മേൽപാലത്തിൽവച്ചു കഴിഞ്ഞ മാസം 24നാണ് അപകടമുണ്ടായത്. സ്‌കൂട്ടറിൽ ലോറി ഇടിച്ചതിനെ തുടർന്നു തെറിച്ചു വീണ ബിഷാറയുടെ ദേഹത്ത് തൊട്ടുപിന്നിൽ വന്ന മറ്റൊരു വാഹനം കയറി ഇറങ്ങിയാണ് മരണം സംഭവിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലോറിയെ കുറിച്ചുള്ള സൂചന ലഭിക്കുന്നത്. ലോറി ഇന്ന് പെരിന്തൽമണ്ണ ഭാഗത്ത് എത്തിയപ്പോഴാണ് ഡ്രൈവറെ ചോദ്യം ചെയ്തത്. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് ഡ്രൈവർ കുറ്റം സമ്മതിച്ചു. ലോറിയിലുള്ള മത്സ്യം കൃത്യ സമയത്ത് എത്തിക്കുന്നതിനാണ് വണ്ടി നിർത്താതെ പോയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. സംഭവത്തിൽ മറ്റൊരു വാഹനം കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്തിന്റെയും ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം. സിദ്ദീഖിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Source link

Related Articles

Back to top button