ഗർഭനിരോധന ഉറയിൽ തുടങ്ങി മെൻസ്ട്രുവൽ കപ്പ് വരെ; അറുപതിലേക്ക് വളർന്ന് എച്ച്എൽഎൽ

തിരുവനന്തപുരം∙ ഗർഭനിരോധന ഉറയിൽ തുടങ്ങി മെൻസ്ട്രുവൽ കപ്പ് വരെയുള്ള എഴുപതിൽപരം മെഡിക്കൽ ഉൽപന്നങ്ങളുടെ നിർമാണത്തിലേക്കു വളർന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിനു വജ്രജൂബിലി. അടുത്ത അഞ്ചുവർഷത്തിനകം പതിനായിരം കോടി രൂപ വിറ്റുവരവുള്ള നവരത്ന കമ്പനിയാവുകയെന്ന ലക്ഷ്യം വച്ചാണ് എച്ച്എൽഎൽ അറുപതിലേക്കു കടക്കുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷപരിപാടികൾ ഇന്നു പ്രഖ്യാപിക്കും.പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം നഷ്ടക്കച്ചവടമാണെന്ന പതിവു പല്ലവിയെ കാറ്റിൽപ്പറത്തുന്നതാണ് എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന്റെ വളർച്ച.1966 മാർച്ചിൽ തിരുവനന്തപുരത്ത് ഹിന്ദുസ്ഥാൻ ലാറ്റക്സ് എന്ന പേരിലാണു പ്രവർത്തനം ആരംഭിച്ചത്. തുടക്കകാലത്ത്, ഗർഭനിരോധന ഉറകളുടെ നിർമാണമായിരുന്നു പ്രധാനം. 1969 ഏപ്രിലിൽ പേരൂർക്കടയിൽ ഫാക്ടറി ആരംഭിച്ചു. 2000ത്തിന്റെ തുടക്കത്തിൽ ആരോഗ്യമേഖലയിൽ സജീവമായി. എച്ച്എൽഎലിന്റെ ഫാക്ടറിയിൽ നിർമിക്കുന്ന ‘മൂഡ്‌സ്’ ഗർഭനിരോധന ഉറകൾ 80 രാജ്യങ്ങളിലേക്കാണു കയറ്റുമതി ചെയ്യുന്നത്. ഗർഭനിരോധന ഗുളികയായ സഹേലി, എമിലി, ഗർഭനിരോധന ഉറകൾ, സാനിറ്ററി നാപ്കിൻ, ഇവ ആവശ്യാനുസരണം തിരഞ്ഞെടുക്കാനാകുന്ന ഓട്ടമേറ്റഡ് വെൻഡിങ് മെഷീനായ വെൻഡിഗോ എന്നിങ്ങനെ എഴുപതിൽപരം ബ്രാൻഡുകളും എച്ച്എൽഎൽ വിപണിയിലെത്തിക്കുന്നു. ബ്ലഡ് ബാഗ്, കോപ്പർ ടി, സ്യൂച്ചർ, മെൻസ്ട്രുവൽ കപ്പുകൾ തുടങ്ങിയ ഉൽപന്നങ്ങൾക്കു പുറമേ ഡയഗ്നോസ്റ്റിക് ഇമേജിങ് സേവനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാകുന്ന ‘ഹിന്ദ് ലാബ്സ്’ ഹെൽത്ത് കെയർ ശൃംഖലയുമുണ്ട്. രാജ്യത്തുടനീളം 221 കേന്ദ്രങ്ങളിലാണു ഹിന്ദ്‌ലാബ്സ് ഉള്ളത്.
Source link