ഇത് ചിട്ടപ്പെടുത്തിയ വിജയം, സൂപ്പറാണ് പൃഥ്വിരാജെന്ന സംരംഭകൻ

മലയാള സിനിമയുടെ ഏറ്റവും സ്വാധീനമുള്ള അംബാസഡറായി മാറാനുള്ള യാത്രയിലാണ് പൃഥ്വിരാജ് സുകുമാരന്‍. എന്നാല്‍ അതിനോടൊപ്പം കോടികളുടെ ആസ്തിയുമായി പൃഥ്വിരാജിലെ സംരംഭകനും കൂടുതല്‍ മാറ്റ് തെളിയിക്കുകയാണ്. 2023ല്‍ പുറത്തുവന്ന കണക്കനുസരിച്ച് 54 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. 2025ല്‍ എത്തിനില്‍ക്കുമ്പോള്‍ 54 കോടി രൂപയ്ക്കും എത്രയോ മുകളിലായിരിക്കും താരത്തിന്റെ മൊത്തം ആസ്തിയെന്നത് വ്യക്തമാണ്. 2024ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ രണ്ട് സിനിമകളുടെ കലക്ഷന്‍ തന്നെ 250 കോടി രൂപയോളം വരും. ആട് ജീവിതം 158.50 കോടി രൂപയും ഗുരുവായൂര്‍ അമ്പലനടയില്‍ 90.25 കോടി രൂപയുമാണ് ഗ്രോസ് കലക്ഷന്‍ നേടിയത്. മാര്‍ച്ചില്‍ പുറത്തിറങ്ങിയ എല്‍ 2 എംപുരാനാകട്ടെ ഇതിനോടകം 250 കോടി രൂപ നേടിക്കഴിഞ്ഞു. ഇതില്‍ നിന്നെല്ലാം താരത്തിന് വന്ന് ചേര്‍ന്ന വരുമാനവും ലാഭവും കൂടി കണക്കിലെടുക്കുമ്പോള്‍ 54 കോടിയിലൊന്നും ആസ്തിയൊതുങ്ങില്ല എന്നത് വ്യക്തമാണ്. എംപുരാന്‍ ഉള്‍പ്പടെയുള്ള തിരഞ്ഞെടുത്ത സിനിമകളില്‍ ശമ്പളമില്ലാതെ ലാഭ വിഹിതം കൈപ്പറ്റുന്ന രീതിയാണ് താരം സ്വീകരിച്ചിരിക്കുന്നത് എന്നതും ആസ്തിയിലെ വലിയ വര്‍ധന സാധൂകരിക്കുന്നു. ചിട്ടപ്പെടുത്തിയ വിജയംഅഭിനേതാവ്, സംവിധായകന്‍, നിര്‍മാതാവ്…എന്നിങ്ങനെ ബഹുതലങ്ങളില്‍ ദേശീയ ശ്രദ്ധ നേടിയ വിജയമാണ് പൃഥ്വിരാജിന്റേത്. 2002ല്‍ നന്ദനമെന്ന രഞ്ജിത് ചിത്രത്തിലൂടെ അപ്രതീക്ഷിതമായി ആയിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം… അത് വിജയമായതോടെ തിരിഞ്ഞുനോക്കേണ്ടി വന്നില്ലെന്ന ക്ലീഷേ സ്റ്റേറ്റ്‌മെന്റ് പൃഥ്വിരാജിന്റെ കേസില്‍ ലംഘിക്കപ്പെടുകയാണ്. നിലപാടുകളിലെ കാര്‍ക്കശ്യത്തില്‍ പലരുടെയും അപ്രീതിക്കും ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കും പാത്രമായെങ്കിലും കരിയറിനെക്കുറിച്ചുള്ള കൃത്യമായ കാഴ്ചപ്പാടാണ് പൃഥ്വിരാജിനെ വിജയത്തിലേക്ക് നയിച്ചത്.
Source link