ട്രംപിന്റെ ‘സെൽഫ് ഗോൾ’; കൂപ്പുകുത്തി സ്വർണവില, പവന് 2 ദിവസത്തിനിടെ ‘2,000’ ഇടിവ്, വെള്ളിക്കും വിലത്തകർച്ച

കേരളത്തിൽ ഇന്നും സ്വർണവിലയിൽ (Kerala gold price) വമ്പൻ ഇടിവ്. പവന് 720 രൂപയും ഗ്രാമിന് 90 രൂപയും ഒറ്റയടിക്ക് കുറഞ്ഞു. ഇന്നലെ പവന് 1,280 രൂപയും ഗ്രാമിന് 160 രൂപയും ഇടിഞ്ഞിരുന്നു. ഇതോടെ രണ്ടുദിവസത്തിനിടെ പവന് 2,000 രൂപ ഇടിഞ്ഞ് വില 66,480 രൂപയായി. ഗ്രാമിന് 250 രൂപ കുറഞ്ഞ് 8,310 രൂപയും. ഏപ്രിൽ 3ന് വില സംസ്ഥാനത്തെ സർവകാല റെക്കോർഡായ ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയുമായിരുന്നു. കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 75 രൂപ കുറഞ്ഞ് 6,845 രൂപയായി. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ ചെയർമാനായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരമുള്ള വിലയാണിത്. രണ്ടുദിവസം മുമ്പ് വില റെക്കോർഡ് 7,060 രൂപയായിരുന്നു. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ നൽകിയ വില ഗ്രാമിന് 70 രൂപ കുറച്ച് 6,810 രൂപയാണ്. അതേസമയം, ഇരു വിഭാഗങ്ങളും വെള്ളിവില ഗ്രാമിന് 4 രൂപ കുറച്ച് 102 രൂപയാക്കി. രണ്ടുദിവസം മുമ്പ് 112 രൂപയായിരുന്നു. പാദസരം, അരഞ്ഞാണം തുടങ്ങി വെള്ളികൊണ്ടുള്ള ആഭരണങ്ങൾ, പാത്രങ്ങൾ, പൂജാസാമഗ്രികൾ തുടങ്ങിയവ വാങ്ങുന്നവർക്ക് ഈ വിലക്കുറവ് നേട്ടമാണ്. വ്യാവസായിക ആവശ്യത്തിന് വെള്ളി ഉപയോഗിക്കുന്നവർക്കും വിലയിടിവ് ആശ്വാസമാകും.
Source link