BUSINESS

സ്വർണാഭരണ നിർമാണ മേഖലയ്ക്ക് തിരിച്ചടി; ചുങ്കഭാരം കുത്തനെ കൂടി


കൊച്ചി∙ ട്രംപിന്റെ പകരം തീരുവ പ്രഖ്യാപനത്തിൽ തിരിച്ചടി നേരിടുന്നവയിൽ സ്വർണാഭരണ നിർമാണ മേഖലയും. ഇന്ത്യയുടെ ആകെ സ്വർണാഭരണ കയറ്റുമതി ഏകദേശം 3200 കോടി ഡോളറിന്റേതാണ്. ഇതിന്റെ ഏകദേശം 23% (736 കോടി) ആണ് യുഎസിലേക്കുള്ള കയറ്റുമതി. നിലവിൽ സ്വർണാഭരണങ്ങൾക്ക് 7% ആണ് യുഎസിൽ ഇറക്കുമതിത്തീരുവ. ഇതിൽ 20% വർധന വരുന്നത് സ്വാഭാവികമായും ഇന്ത്യയിലെ സ്വർണാഭരണ നിർമാണ മേഖലയെയും ബാധിക്കും. കൂടുതലും ഇന്ത്യയിൽ നിന്നുള്ള ലൂസ് ഡയമണ്ട്, സ്റ്റഡ് എന്നിവയാണ് യുഎസിൽ ഇറക്കുമതി ചെയ്യുന്നത്. ഇത് കയറ്റുമതി ചെയ്യുന്നത് കൂടുതലും മുംബൈയിൽ നിന്നുള്ള വ്യാപാരികളും.ഇന്ത്യയിൽ നിർമിക്കുന്ന സ്വർണാഭരണങ്ങൾ സ്വർണ കച്ചവടത്തിന്റെ ഹബ്ബായ യുഎഇയിലേക്കും അവിടെനിന്നു യുഎസിലേക്കും കയറ്റി അയയ്ക്കുന്ന സാഹചര്യത്തിലേക്ക് ഇന്ത്യയിലെ സ്വർണാഭരണ രംഗം മാറിയേക്കാം.നിലവിൽ ഇന്ത്യയിൽ നിന്നു കയറ്റി അയയ്ക്കുന്ന സ്വർണത്തിന് യുഎഇ തീരുവ ഈടാക്കുന്നില്ല. യുഎഇക്ക് യുഎസ് ഈടാക്കുന്ന ഇറക്കുമതിത്തീരുവ 10% ആണ്. ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 27 ശതമാനവും. ഇതോടെ ദുബായ് വഴിയുള്ള സ്വർണാഭരണ കയറ്റുമതിക്കു പ്രാധാന്യമേറുമെന്നും കൂടുതൽ സ്വർണാഭരണ ഫാക്ടറികൾ ദുബായ് പോലുള്ള സ്ഥലങ്ങളിൽ ആരംഭിക്കാൻ സാധ്യതയുണ്ടെന്നും ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ സൗത്ത് റീജൻ മുൻ ചെയർമാൻ പ്രിൻസൺ ജോസ് പറഞ്ഞു.


Source link

Related Articles

Back to top button