ട്രംപിനെതിരെ ലോക രാജ്യങ്ങൾ

വാഷിംഗ്ടൺ: യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് പകരച്ചുങ്കം ഏർപ്പെടുത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ വ്യാപക വിമർശനവുമായി ലോക നേതാക്കൾ. ട്രംപിന്റെ നടപടി ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിമർശനം. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ മുന്നറിയിപ്പ് നൽകി.
യു.എസിനെതിരെ ഒറ്റക്കെട്ടായി ശക്തമായ മറുപടി നൽകാനാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം. സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കാൻ സ്പെയിനിൽ 14.1 ബില്യൺ പൗണ്ടിന്റെ പദ്ധതി പ്രഖ്യാപിച്ചു. യു.എസിന് തിരിച്ചടി തീരുവ ചുമത്താൻ ആലോചനയുണ്ടെങ്കിലും ചർച്ചകൾക്ക് മുൻഗണന നൽകാനാണ് യു.കെയുടെ തീരുമാനം.
ട്രംപിന്റെ നയങ്ങളെ അപലപിച്ച് ഓസ്ട്രേലിയ അടക്കം സഖ്യ കക്ഷികളും രംഗത്തെത്തി. സുഹൃത്തെന്ന നിലയിൽ യു.എസിൽ നിന്ന് ഇത്തരം നീക്കം പ്രതീക്ഷിച്ചില്ലെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പ്രതികരിച്ചു. യു.എസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടുന്നതടക്കം പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങളും മുന്നറിയിപ്പ് നൽകി.
യു.എസിൽ നിന്നുള്ള വാഹന ഇറക്കുമതിക്ക് കാനഡ 25 ശതമാനം തീരുവ ഏർപ്പെടുത്തി. വടക്കേ അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാറിന് കീഴിൽ വരാത്ത വാഹനങ്ങൾക്കാണ് തീരുവ. ട്രംപ് ഇന്നലെ പ്രഖ്യാപിച്ച പകരച്ചുങ്ക പട്ടികയിൽ കാനഡയും മെക്സിക്കോയും ഉണ്ടായിരുന്നില്ല. എന്നാൽ ഇരുരാജ്യങ്ങൾക്കും 25 ശതമാനം തീരുവ ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
കാനഡയിൽ യു.എസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ശക്തമായി. ഏപ്രിൽ 5 മുതൽ ഒട്ടുമിക്ക യു.എസ് ഇറക്കുമതികൾക്കും 10 ശതമാനം എന്ന അടിസ്ഥാന തീരുവ നിരക്ക് ബാധകമാകും. അന്യായമായ വ്യാപാര ഇടപാടുകളുടെ പേരിൽ ഏകദേശം 60 രാജ്യങ്ങൾക്കാണ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചത്. യൂറോപ്യൻ യൂണിയന് 20 ശതമാനവും ചൈനയ്ക്ക് 54 ശതമാനവും (മുമ്പ് പ്രഖ്യാപിച്ച തീരുവകൾ അടക്കം) വിയറ്റ്നാമിന് 46 ശതമാനവും തായ്‌ലൻഡിന് 36 ശതമാനവും ജപ്പാന് 24 ശതമാനവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് ഏപ്രിൽ 9 മുതൽ പ്രാബല്യത്തിൽ വരും.
Source link