‘രവികുമാറിന്റെയും ശ്രീദേവിയുടെയും റജിസ്റ്റർ വിവാഹത്തിന് ഞാൻ സാക്ഷിയായി’

ഇന്ത്യൻ സിനിമയിൽ പ്രണയ ചക്രവർത്തിമാരായി അറിയപ്പെട്ടിരുന്ന മൂന്നു നായക നടന്മാരാണ് നമുക്കുണ്ടായിരുന്നത്. ഹിന്ദിയിലെ ദേവാനന്ദും തമിഴിലെ ജമിനി ഗണേശനും മലയാളത്തിലെ നമ്മുടെ നിത്യവസന്തമായിരുന്ന പ്രേംനസീറുമായിരുന്നു ആ നിത്യകാമുകന്മാർ. ഇവർ മൂവരിൽ പ്രഥമസ്ഥാനം ജമിനി ഗണേശനായിരുന്നു. തമിഴ് ജനത കാതൽ മന്നൻ എന്നു വിളിച്ചിരുന്ന അദ്ദേഹത്തിന്റെ മാസ്മരിക ഭാവമുള്ള പ്രണയരംഗങ്ങൾ കണ്ടിട്ട് തമിഴിലെ കവിഞ്ജർ കണ്ണദാസൻ ഇന്ത്യൻ സിനിമയിലെ ‘പ്രണയ മിത്തെ’ന്നാണ് ജമിനിയെ വിശേഷിപ്പിച്ചിരുന്നത്. നടികർ തിലകം ശിവാജി ഗണേശൻ ഒരു പത്രക്കാരന്റെ ചോദ്യത്തിന് ജമിനിയെപ്പറ്റി പറഞ്ഞത് ഇങ്ങിനെയായിരുന്നു: ‘‘നവരസങ്ങളിൽ ഏറ്റവും ടഫായിട്ട് എനിക്കു തോന്നിയത് ശൃംഗാര രസമാണ്. കാണുന്നവർക്കു ചുമ്മാ പെണ്ണിന്റെ പുറകെ ഓടി നടന്നു കെട്ടിപ്പിടിച്ചു നടക്കുന്നത് വളരെ സുഖമുള്ള പണിയായിട്ട് തോന്നാം. റോങ്, ലൗ സീനിൽ അഭിനയിക്കുന്നതാണ് എനിക്ക് റൊമ്പ ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളത്. റൊമാൻസ് ചെയ്യാൻ നമ്മ മച്ചാനെപ്പോലെ വേറെ ആരും ഇങ്ക ഇല്ലൈ.’’ശിവാജി മച്ചാനെന്നു പറഞ്ഞതു ജമിനി ഗണേശനെക്കുറിച്ചാണ്. ജമിനിയുടെ ഭാര്യയും നടിയുമായ സാവിത്രിയെ സ്വന്തം സഹോദരിയെപ്പോലെ കാണുന്നതു കൊണ്ടാണ് അദ്ദേഹം അങ്ങനെ വിളിക്കുന്നത്. അതുപോലെ തന്നെ യേശുദാസിന്റെ ശബ്ദത്തിൽ നസീർ സാർ പാടി അഭിനയിക്കുന്നതു കണ്ടാൽ, അദ്ദേഹം തന്നെ ഒറിജിനലായി പാടുന്നതായിട്ടേ നമുക്കു തോന്നാറുള്ളൂ. മലയാളത്തിൽ ഏറ്റവും കൂടുതൽ മികച്ച പ്രണയ ഗാനങ്ങൾ പാടി അഭിനയിക്കാൻ ഭാഗ്യം ലഭിച്ചത് നസീർ സാറിനാണ്. പിന്നീട് ഏറെക്കാലം കഴിഞ്ഞാണ് പുതിയ പ്രണയ നായകന്മാരായ രവികുമാറും വിൻസന്റും വെള്ളിത്തിരയിലെത്തുന്നത്. ഇവർക്കൊന്നും നസീർ സാറിന്റെയത്രയും പ്രണയരസം ചൊരിയാൻ കഴിഞ്ഞിട്ടില്ലെങ്കിലും പിന്നെയും നസീർ സാറിന്റെ ചാരത്ത് നിൽക്കാനായത് രവികുമാറിനാണ്. തൊട്ടു പുറകെ തന്നെ വിൻസന്റും.
Source link