റിലയൻസിൽ മുകേഷ് അംബാനിയല്ല കൂടുതൽ ശമ്പളം വാങ്ങുന്നത്, മറ്റാെരു ജീവനക്കാരൻ; അതിനുപിന്നിലെ കാരണം

മുംബയ്: മുകേഷ് അംബാനിയുടെ റിലയൻസിൽ, അദ്ദേഹത്തെക്കാൾ ഉയർന്ന ശമ്പളം വാങ്ങുന്ന ഒരാളുണ്ട്. കേട്ടിട്ട് അത്രയ്ക്കങ്ങ് വിശ്വാസം പോരല്ലേ. 763000 കോടി രൂപയിലധികം വിപണി മൂലധനമുള്ള കമ്പനിയിൽ ഉടമയേക്കാൾ ശമ്പളം വാങ്ങുന്നത് മുകേഷ് അംബാനിയുടെ ആദ്യ മെന്ററായ റാസിക്ഭായ് മേസ്വാനിയുടെ മകൻ നിഖിൽ മേസ്വാനിയാണ്. കമ്പനിയിൽ ഇദ്ദേഹത്തിന്റെ സ്ഥാനം എന്താണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ; എല്ലാ അർത്ഥത്തിലും മുകേഷ് അംബാനിയുടെ അടുത്ത സഹായി. വാർഷിക ശമ്പളമായി നിഖിൽ മേസ്വാനിക്ക് ലഭിക്കുന്നത് 24 കോടി രൂപയാണ്.
1986ൽ റിലയൻസിൽ ചേർന്ന നിഖിൽ, 1988 ജൂലായ് 1 മുതൽ കമ്പനിയുടെ ബോർഡിൽ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന പദവിയിൽ മുഴുവൻ സമയ സേവനമനുഷ്ഠിച്ചുവരികയാണ്. മുകേഷ് അംബാനിക്ക് സമാനമായ പാതയാണ് അദ്ദേഹവും പിന്തുടരുന്നത്. പ്രോജക്ട് ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. റിലയൻസിനെ പെട്രോകെമിക്കൽ വ്യവസായത്തിലെ ഒരു ആഗോള ശക്തിയായി സ്ഥാപിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിക്കുന്നുണ്ട്. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ഐപിഎൽ ക്രിക്കറ്റ് ഫ്രാഞ്ചൈസി മുംബയ് ഇന്ത്യൻസ്, ഇന്ത്യൻ സൂപ്പർ ലീഗ് എന്നിങ്ങനെ കമ്പനിയുടെ മറ്റ് കായിക സംരംഭങ്ങളുടെ കാര്യങ്ങളിലും നിഖിൽ മേസ്വാനിയുടെ മേൽനോട്ടത്തിലാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നിന് മുകേഷ് അംബാനി നേതൃത്വം നൽകുന്നുണ്ടെങ്കിലും അദ്ദേഹം ശമ്പളമൊന്നും എടുക്കുന്നില്ല എന്നതാണ് ഏറെ കൗതുകകരം. കൊവിഡിന് മുമ്പ് അദ്ദേഹം വാർഷിക ശമ്പളമായി 15 കോടി കൈപ്പറ്റിയിരുന്നു. കൊവിഡിനെ തുടർന്നുണ്ടായ അവസ്ഥയിൽ കമ്പനിയുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും അതിനെ പിന്തുണയ്ക്കുന്നതിനും വേണ്ടിയായിരുന്നു ശമ്പളം എടുക്കേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ കൊവിഡിന് ശേഷവും അത് തുടർന്നുപോവുകയായിരുന്നു.
Source link