രവികുമാർ ഒടുവിൽ അഭിനയിച്ചത് എന്റെ സിനിമയിൽ; എസ്.എൻ. സ്വാമി ഓർക്കുന്നു

നടൻ രവികുമാറിന്റെ അനുസ്മരിച്ച് തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി. സിബിഐ 5ൽ ആയിരുന്നു രവികുമാർ ഒടുവിൽ അഭിനയിച്ചത്. സംവിധായകൻ ഐ.വി. ശശിയുടെ ചിത്രങ്ങളിൽ അഭിനയിക്കുന്ന കാലം മുതൽ രവികുമാറിന്റെ അറിയാമെന്നും വളരെ വർഷങ്ങളുടെ അടുപ്പം അദ്ദേഹത്തോട് ഉണ്ടായിരുന്നു എന്നും എസ്.എൻ. സ്വാമി പറഞ്ഞു. സി.ബി.ഐ 5ൽ ഒരു ചെറിയ വേഷമായിരുന്നു എങ്കിലും അത് അദ്ദേഹം മനോഹരമായി ചെയ്തുവെന്ന് എസ്.എൻ.സ്വാമി ഓർക്കുന്നു. എസ്.എൻ.സ്വാമിയുടെ വാക്കുകൾ: “രവികുമാർ ഏറ്റവും അവസാനം അഭിനയിച്ചത് എന്റെ പടത്തിലാണ്, സിബിഐ 5ൽ. അദ്ദേഹം അതു കഴിഞ്ഞ് സുഖമില്ലാതെ ഇരിക്കുകയായിരുന്നു. വേറെ ഏതെങ്കിലും സിനിമയിൽ പിന്നീട് അഭിനയിച്ചോ എന്ന് എനിക്ക് കൃത്യമായി അറിയില്ല. അദ്ദേഹവുമായുള്ള പരിചയം തുടങ്ങുന്നത് ഐ.വി. ശശിയുടെ സിനിമകളിൽ അദ്ദേഹം അഭിനയിക്കുന്ന കാലഘട്ടം തൊട്ടാണ്. രവികുമാർ ഒരുപാട് സിനിമകളിൽ നായകവേഷങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹവുമായി വളരെയധികം വർഷങ്ങളുടെ അടുപ്പമുണ്ട്. എന്റെ പടത്തിൽ വളരെ ചെറിയൊരു വേഷം ആയിരുന്നു എങ്കിലും അദ്ദേഹം അത് മനോഹരമായി ചെയ്‌തു. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ആർട്ടിസ്റ്റ് ആയിരുന്നു അദ്ദേഹം. ഒരു കാലഘട്ടത്തിൽ തുടർച്ചയായി സിനിമയിൽ നിറഞ്ഞു നിന്നിരുന്ന ആർട്ടിസ്റ്റാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഈ ആകസ്മിക വിയോഗത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നെ വിഷമിപ്പിക്കുകയാണ്. ഇനിയും ഒരുപാട് കാലം നല്ല നല്ല വേഷങ്ങൾ ചെയ്ത് സിനിമയിൽ തുടരേണ്ട നല്ലൊരു ആർട്ടിസ്റ്റ് ആയിരുന്നു രവികുമാർ.” എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയിലെ ശ്രദ്ധേയ നായകതാരമായിരുന്നു രവികുമാർ. നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 1967ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു രവികുമാർ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976 ൽ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രത്തിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. ലിസ, അവളുടെ രാവുകൾ, അങ്ങാടി, സർപ്പം, തീക്കടൽ, അനുപല്ലവി തുടങ്ങി നൂറ്റമ്പതോളം ചിത്രങ്ങളിൽ വേഷമിട്ട അദ്ദേഹം 2022ൽ മോഹൻലാൽ നായകനായ ആറാട്ട് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ ‘സിബിഐ 5: ദി ബ്രെയിൻ’ ആയിരുന്നു ഒടുവിൽ അഭിനയിച്ച സിനിമ.
Source link