KERALAM

ഗോകുലത്തിലെ റെയ്ഡ് ഫെമ ചട്ടലംഘനത്തിന്, കണ്ടെത്തിയത് ആയിരം  കോടിരൂപയുടെ  ക്രമക്കേടെന്ന് ഇഡി

കോഴിക്കോട്: ഗോകുലം ചിട്ടിഫണ്ട് സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന നടത്തുന്നത് ഫെമ (വിദേശനാണ്യ വിനിമയ നിയമം) ചട്ട ലംഘനത്തിനെന്ന് റിപ്പോർട്ട്. ആയിരം കോടിരൂപയുടെ വിദേശ വിനിമയ ചട്ടലംഘനം കണ്ടെത്തിയെന്ന് ഇഡി സൂചന നൽകിയതായാണ് റിപ്പോർട്ട്. കുറച്ചുദിവസങ്ങൾക്കുമുമ്പ് ഗോകുലം കമ്പനിയിലേക്ക് വലിയൊരു തുക നിക്ഷേപമായി എത്തിയിരുന്നു. ആ തുക എവിടെ നിന്നാണ് എത്തിയത്, ഒരാളിൽ നിന്നാണോ എത്തിയത് തുടങ്ങിയ കാര്യങ്ങളുടെ ഉത്തരമാണ് പ്രധാനമായും തേടുക എന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി അനധികൃത ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇഡി സംശയിക്കുന്നുണ്ട്. ഗോകുലം ചിട്ടിഫണ്ടുമായി ബന്ധപ്പെട്ട വഞ്ചനാകേസുകൾ പിഎംഎൽഎ (കളളപ്പണം വെളുപ്പിക്കൽ തടയൽ നിയമം ) അനുസരിച്ച് അന്വേഷിക്കും എന്നും റിപ്പോർട്ടുകളുണ്ട്.

രാവിലെ ആരംഭിച്ച റെയ്‌ഡ് ഇപ്പോഴും തുടരുകയാണ്. ഉടമ ഗോകുലം ഗോപാലനെയും ഇഡി സംഘം ചോദ്യം ചെയ്യുകയാണ്. കോഴിക്കോട് അരയിടത്ത്പാലത്തെ ഗോകുലം മാളിനടുത്ത് ഗോകുലം കോർപറേറ്റ് ഓഫീസിലാണ് അദ്ദേഹത്തിന്റെ ചോദ്യംചെയ്യൽ നടക്കുന്നത്. ആദ്യം വടകരയിൽ വീട്ടിൽ വച്ച് ചോദ്യം ചെയ്യാൻ തീരുമാനിച്ചെങ്കിലും ഇതിനിടെ അദ്ദേഹം അരയിടത്ത്പാലത്തെ ഓഫീസിലെത്തുകയായിരുന്നു.

11.30ഓടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിൽ ആദ്യം പരിശോധന ആരംഭിച്ചു. പിന്നീട് കോഴിക്കോടും കൊച്ചിയിലുമുള്ള ഓഫീസുകളിൽ ഇഡി പരിശോധന നടക്കുന്നതായി വാർത്ത പുറത്തുവന്നു.

വിവാദമായ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ നിന്നും നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പിന്മാറിയതോടെ ഗോകുലം ഗോപാലൻ നിർമ്മാതാവായിരുന്നു. ചിത്രത്തിലെ വിവാദത്തിന് പിന്നാലെ ഇഡി അന്വേഷണം വന്നത് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ചിത്രവുമായി ബന്ധപ്പെട്ടല്ല അന്വേഷണമെന്നും മുൻപും ഇത്തരം റെയ്‌ഡുകൾ നടത്തിയിട്ടുണ്ടെന്നുമാണ് ഇഡി വൃത്തങ്ങളിൽ നിന്നുള്ള വിവരം.


Source link

Related Articles

Back to top button