INDIALATEST NEWS

‘പാർട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുക്കട്ടെ’; ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് കെ.അണ്ണാമലൈ


ചെന്നൈ∙ തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കുമെന്ന് കെ.അണ്ണാമലൈ. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും പാർട്ടി ഒറ്റക്കെട്ടായി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നും അണ്ണാമലൈ പറഞ്ഞു. കോയമ്പത്തൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021 ജൂലൈയിലാണ് അണ്ണാമലൈ തമിഴ്നാട് ബിജെപിയുടെ അധ്യക്ഷനാകുന്നത്. എഐഎഡിഎംകെ വീണ്ടും എൻഡിഎ സഖ്യത്തിലെത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ അണ്ണാമലൈയെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2026ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയും എഐഎഡിഎംകെയും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അണ്ണാമലൈ രാജി സൂചന നൽകുന്നത്. എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയും കേന്ദ്രമന്ത്രി അമിത് ഷായും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ അണ്ണാമലൈയെ മാറ്റുമെന്ന അഭ്യൂഹം ശക്തമായിരുന്നു. അണ്ണാമലൈ തുടർന്നാൽ സഖ്യത്തിൽനിന്ന് പിന്മാറുമെന്ന് ഇപിഎസ് അമിത് ഷായെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.2023ൽ അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് എഐഎഡിഎംകെ എൻഡിഎ വിട്ടത്. സഖ്യം വിട്ടതിനുശേഷം എഐഎഡിഎംകെയും അണ്ണാമലൈയും പരസ്പരം രൂക്ഷ വിമർശനങ്ങൾ നടത്തിയിരുന്നു.സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുന്ന അണ്ണാമലൈയ്ക്ക് ഡൽഹിയിൽ പുതിയ സ്ഥാനങ്ങൾ നൽകുമെന്നും വിവരമുണ്ട്. അണ്ണാമലൈക്ക് പകരം ബിജെപി എംഎല്‍എ നൈനാര്‍ നാഗേന്ദ്രനെ പാര്‍ട്ടി അധ്യക്ഷനാക്കുമെന്നാണ് സൂചന. നേരത്തെ ഇദ്ദേഹം എഐഎഡിഎംകെ നേതാവായിരുന്നു.


Source link

Related Articles

Back to top button