LATEST NEWS
ഇന്ത്യ – ബംഗ്ലദേശ് മഞ്ഞുരുകുന്നു? മുഹമ്മദ് യൂനുസുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബാങ്കോക്ക് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും തമ്മിൽ കൂടിക്കാഴ്ച നടത്തി. ബംഗ്ലദേശ് കലാപത്തിനിടെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ചതിനു ശേഷം ഇതാദ്യമായാണ് മോദിയും മുഹമ്മദ് യൂനുസും ചർച്ച നടത്തുന്നത്. ബാങ്കോക്കിൽ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച.ബിംസ്റ്റെക് ഉച്ചകോടിക്കിടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി ബംഗ്ലദേശ് ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി ഇന്ത്യയോട് അഭ്യർഥിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മോദി – യൂനുസ് ചർച്ച നടന്നത്. ബംഗ്ലദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള അക്രമ സംഭവങ്ങളും ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകിയ ഇന്ത്യയുടെ നിലപാടും കാരണം ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധത്തിൽ വിള്ളൽ സംഭവിച്ചിരുന്നു.
Source link