KERALAM

‘പാടുന്നത് ഒരു കുറ്റമാണോ? ആസ്വാദകർ ആവശ്യപ്പെട്ടത് ചെയ്‌തു’; കേസിനെ നിയമപരമായി നേരിടുമെന്ന് ഗായകൻ അലോഷി

കൊല്ലം: കടയ്‌ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനത്തിൽ കേസെടുത്തതിനെ നിയമപരമായി നേരിടുമെന്ന് ഗായകൻ അലോഷി. പ്രേക്ഷകരുടെ ആവശ്യപ്രകാരം ആണ് ഗാനമേളയിൽ പാട്ട് പാടുന്നത്. ക്ഷേത്രോത്സവത്തിൽ വിപ്ലവഗാനം പാടരുതെന്ന് തനിക്കറിയില്ലായിരുന്നു എന്നും അലോഷി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.


‘പ്രേക്ഷകരുടെ ആവശ്യത്തിനാണ് പ്രാധാന്യം നൽകുന്നത്. വിപ്ലവ ഗാനം പാടിയത് തെറ്റാണെന്ന് പൊലീസിന് തോന്നിയിട്ടുണ്ടാവും. പാട്ട് പാടുന്നത് ഒരു കുറ്റമായി കണക്കാക്കാൻ പറ്റില്ല. ഉത്സവ പറമ്പിലെത്തുന്നവർ ആസ്വാദകരാണ്. അവർ ആവശ്യപ്പെടുന്നതാണ് പാടുന്നത്’, അലോഷി പറഞ്ഞു.

കൊല്ലം കടയ്‌ക്കൽ ക്ഷേത്രത്തിലെ ഗാനമേളയിലെ വിപ്ലവഗാന വിവാദത്തിൽ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. കടയ്‌ക്കൽ പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടുപേരെയും കേസിലെ പ്രതികളാക്കിയിട്ടുണ്ട്. കോൺഗ്രസ് കടയ്‌ക്കൽ മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. സംഭവത്തിൽ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയണമെന്ന് ഹൈക്കോടതി ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പറഞ്ഞിരുന്നു.

കടയ്‌ക്കൽ തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് നടന്ന സംഗീത പരിപാടിയിൽ സിപിഎമ്മിന്റെ പ്രചാരണ ഗാനങ്ങളും വിപ്ലവ ഗാനങ്ങളും പാടിയതാണ് വിവാദമായത്. സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെ കൂത്തുപറമ്പ് വെടിവയ്‌പ്പിൽ പരിക്കേറ്റ്, ജീവിക്കുന്ന രക്തസാക്ഷി എന്ന് വിശേഷിപ്പിക്കപ്പെട്ട പുഷ്‌പനെക്കുറിച്ചുള്ള പാട്ടുകൾ ഉൾപ്പെടെയാണ് പാടിയത്. കടയ്‌ക്കൽ തിരുവാതിരയുടെ ഒമ്പതാം ദിവസമായ തിങ്കളാഴ്‌ച വൈകിട്ടായിരുന്നു അലോഷിയുടെ പരിപാടി.


Source link

Related Articles

Back to top button