‘നിങ്ങൾ ആരാ?…മാദ്ധ്യമം ആരാ…അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ കൊണ്ടുവച്ചാൽ മതി കേട്ടോ’ ക്ഷുഭിതനായി സുരേഷ്‌ഗോപി

കാെച്ചി: ജബൽപൂരിൽ വൈദികർ അടക്കം ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാദ്ധ്യമപ്രവർത്തകരോട് കയർത്ത് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. സൂക്ഷിച്ച് സംസാരിക്കണമെന്നും ചോദ്യം ജോൺബ്രിട്ടാസിന്റെ വീട്ടിൽകൊണ്ടുവച്ചാൽ മതിയെന്നുമായിരുന്നു സുരേഷ്‌ഗോപി പറഞ്ഞത്. ഏതാണ് ചാനലെന്ന് ചോദിച്ചശേഷം മറുപടി പറയാൻ സൗകര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലായിരുന്നു അദ്ദേഹം മാദ്ധ്യമങ്ങളെ കണ്ടത്.
വഖഫ് കിരാതം ഭാരതത്തിൽ അവസാനിപ്പിച്ചുവെന്ന് പറഞ്ഞ സുരേഷ്‌ഗോപി മുനമ്പത്തും അത് ഗുണപ്പെടുമെന്നും പറഞ്ഞു. ക്രിസ്ത്യൻ സമൂഹം ബില്ലിനായി അണിനിരന്നതിന്റെ അങ്കലാപ്പിലാണ് കോൺഗ്രസെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ, രാജ്യസഭയിൽ വഖഫ് ബിൽ ചർച്ചയ്‌ക്കിടെ സുരേഷ് ഗോപിയും ജോൺ ബ്രിട്ടാസും ഏറ്റുമുട്ടിയിരുന്നു. എമ്പുരാൻ വിഷയം ബ്രിട്ടാസ് എടുത്തിട്ടതും തൃശൂരിൽ വോട്ടർമാർക്ക് തെറ്റുപറ്റിയെന്നു പറഞ്ഞതുമാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. ടി.പി 51 വെട്ട്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമകൾ റീസ്ക്രീനിംഗ് ചെയ്‌തിട്ട് എമ്പുരാനെ കുറിച്ച് വിലപിക്കാനായിരുന്നു സുരേഷ്‌ഗോപിയുടെ ഉപദേശം.
‘ബി.ജെ.പി വിഷം വമിപ്പിക്കുകയാണ്. ആറ്റുകാൽ പൊങ്കാലയ്‌ക്കെത്തുന്നവർക്ക് ജാതി മത ഭേദമില്ലാതെ ഏവരും ഭക്ഷണവും സൗകര്യവും ഒരുക്കുന്നു. അതാണ് കേരളത്തിന്റെ സംസ്‌കാരം. ക്രിസ്ത്യാനികളുടെ പേരിൽ ചിലർ മുതലക്കണ്ണീരൊഴുക്കുന്നു. എമ്പുരാനിലെ മുന്നയെ ബി.ജെ.പി ബെഞ്ചുകളിൽ കാണാം. മുന്നയെ കേരളം തിരിച്ചറിയും. നേമത്തെ അക്കൗണ്ട് പൂട്ടിയതു പോലെ മറ്റൊരു അക്കൗണ്ടും പൂട്ടിക്കും. മുനമ്പത്തെ ഒരാൾക്ക് പോലും വീടു നഷ്‌ടപ്പെടില്ല. എൽ.ഡി.എഫ് സർക്കാർ നൽകുന്ന ഉറപ്പാണ്’ എന്നാണ് ബ്രിട്ടാസ് പറഞ്ഞത്. .
മുനമ്പത്ത് 600ൽപ്പരം കുടുംബങ്ങളെ ചതിയിൽപ്പെടുത്തിയിരിക്കുകയാണെന്ന് സുരേഷ് ഗോപി ആരോപിച്ചു. 800ലേറെ പേരെ സി.പി.എം കൊന്നൊടുക്കിയെന്നും സുരേഷ് ഗോപി മറുപടിയായി പറഞ്ഞു.
Source link