കസിനുമായി പ്രണയം, രഹസ്യവിവാഹം; 18കാരിയുടെ മരണത്തിൽ ബന്ധുവായ യുവാവിനെതിരെ കുടുംബം

ന്യൂഡൽഹി∙ പതിനെട്ടു വയസ്സുകാരിയുടെ മരണത്തിൽ ബന്ധുവായ യുവാവിനെതിരെ ആരോപണവുമായി കുടുംബം. ബന്ധുവായ യുവാവുമായുള്ള പ്രണയം തകർന്നത് മകളെ മാനസികമായി തളർത്തിയെന്നും ഇതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും കുടുംബം ആരോപിച്ചു. ഡൽഹിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പ്രീതി കുശ്വാഹയെ മാര്‍ച്ച് 23നാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് യുവതി തൂങ്ങിമരിച്ചത്. വൈകിട്ട് അമ്മയെ വിളിച്ച് രാത്രിയിലേക്ക് ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ടെന്ന് പ്രീതി പറഞ്ഞിരുന്നു. ജീവനൊടുക്കുന്നതിനു മുൻപ് പീസയും ശീതളപാനീയവും യുവതി ഓർഡർ ചെയ്തതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. കുടുംബം തിരികെയെത്തിയപ്പോൾ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടു വർഷം മുൻപ് ജന്മനാട്ടിൽ നടന്ന ചടങ്ങിനിടെയാണ് അകന്ന ബന്ധുവായ യുവാവിനെ പ്രീതി പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി മാറി. വൈകാതെ ഇരുവരും രഹസ്യമായി വിവാഹിതരായെന്നും പറയുന്നു. പ്രീതിയുടെ മരണശേഷം സുഹൃത്തുകൾ കുടുംബത്തിനു ചില ചാറ്റുകളും ഫോട്ടോകളും കൈമാറിയിരുന്നു. ഇതിലൂടെയാണ് പ്രീതിയുടെയും യുവാവിന്റെയും വിവാഹം കഴിഞ്ഞതായി കുടുംബം അറിഞ്ഞത്. സുഹൃത്തുകൾ കൈമാറിയ ചാറ്റിൽ യുവാവിനെ ഭർത്താവെന്നാണ് പ്രീതി അഭിസംബോധന ചെയ്യുന്നത്. റിങ്കു ജി എന്നാണ് ഇയാളുടെ പേര് സേവ് ചെയ്തിരിക്കുന്നത്. ഭർത്താവ് സിന്ദൂരമണിയിക്കുന്ന പ്രീതിയുടെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.
Source link