INDIALATEST NEWS

‘മാസപ്പടി എന്ന പേര് നൽകിയത് മാധ്യമങ്ങൾ; മുഖ്യമന്ത്രിക്കെതിരായ മഴവിൽ സഖ്യത്തിന്റെ ഗൂഢ നീക്കം രാഷ്ട്രീയമായി നേരിടും’


മധുര∙ സിഎംആർഎൽ – എക്സോലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടി രാഷ്ട്രീയ ഗൂഢ ഉദ്ദേശത്തോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജൂലൈയിൽ കേസ് പുതിയ ജസ്റ്റിസ് പരിഗണിക്കാനിരിക്കെയാണ് എസ്എഫ്ഐഒയുടെ നീക്കമെന്നും കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. എസ്എഫ്ഐഒ നടത്തുന്നത് രാഷ്ട്രീയ അജൻഡയോടെയുള്ള നാടകമാണെന്നും ഗോവിന്ദൻ പറഞ്ഞു.‘‘കേസ് അനുവദിക്കാൻ പാടില്ലെന്ന നിയമപരമായ വാദത്തെ തള്ളിക്കളയാത്തിടത്തോളം കേസ് നിലനിൽക്കില്ലെന്ന് എല്ലാവർക്കം അറിയാം. രാഷ്ട്രീയ ഗൂഢ ഉദ്ദേശത്തോടെയാണ് കേസ് എടുത്തിരിക്കുന്നത്. രണ്ടു കമ്പനികൾ തമ്മിൽ ഉണ്ടാക്കിയ കരാറാണിത്. ഒരു സഹായവും സർക്കാരോ മുഖ്യമന്ത്രിയോ നൽകിയിട്ടില്ല. മാത്രമല്ല അതിനെതിരെയുള്ള നിലപാടാണ് സർക്കാർ എടുത്തിരിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, മൂവാറ്റുപുഴ വിജിലൻസ് കോടതികള്‍ കേസ് സംബന്ധിച്ച് വിശദമായി പരിശോധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ പ്രതി ചേർക്കുന്നതിന് ഒരു തെളിവുമില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഹൈക്കോടതിയും ഇക്കാര്യം വിശദമായ രീതിയിൽ പരിശോധിച്ചു. വിധിയിലും ഇക്കാര്യം വ്യക്തമാണ്. വാർത്തയിൽ പറയുന്നതിനപ്പുറം ഒരു തെളിവും ഹാജരാക്കാൻ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവിനു കഴിഞ്ഞിട്ടില്ല.’’ – എം.വി.ഗോവിന്ദൻ പറഞ്ഞു.‘‘മറ്റു നേതാക്കൾ വാങ്ങിയ പണത്തെ കുറിച്ച് എന്തുകൊണ്ട് പരാമർശിക്കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. രാഷ്ട്രീയ പ്രേരിതമായിട്ടാണ് കേസ് എടുത്തിരിക്കുന്നത്. മാസപ്പടി എന്ന പേര് നൽകിയതു തന്നെ മാധ്യമങ്ങൾ ആണ്. ശുദ്ധഅസംബന്ധാണ് ഇത്. പാർട്ടി കോൺഗ്രസ് സമയത്ത് മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്യുകയാണ്. ഇതിനെ രാഷ്ട്രീയമായി നേരിടും. കരാറുകളിൽ പാർട്ടി ഇടപെടില്ല. കേരളത്തിൽ രൂപം കൊണ്ടിട്ടുള്ള മഴവിൽ സഖ്യം സിപിഎമ്മിനെതിരെ വിലകുറഞ്ഞ പ്രചാരണം നയിക്കുകയാണ്. മഴവിൽ സഖ്യത്തിന്റെത് ഗൂഢമായ നീക്കമാണ്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നതു പ്രതിപക്ഷത്തിന്റെ ഉളുപ്പില്ലാത്ത നിലപാടാണ്. സുരേഷ് ഗോപി എപ്പോഴാണ് ഭീഷണിപ്പെടുത്താത്തത്. സുരേഷ് ഗോപി തോന്നിയതു പോലെ പറയുന്നതിനു താൻ പ്രതികരിക്കില്ല.’’  – എം.വി.ഗോവിന്ദൻ പറഞ്ഞു.


Source link

Related Articles

Back to top button