രാജ്യസഭയിൽ മുന്നിട്ടിറങ്ങി അമിത് ഷായും നിർമലയും

ന്യൂഡൽഹി ∙ വഖഫ് ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ലോക്സഭയിൽ ഒറ്റപ്പെട്ട ബഹളമായിരുന്നെങ്കിൽ ഇന്നലെ രാജ്യസഭയിൽ സ്ഥിതി വ്യത്യസ്തമായി. പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്ക് പ്രതിരോധം തീർക്കാൻ ബിജെപിയുടെ മുൻനിര നേതാക്കളായ കേന്ദ്രമന്ത്രിമാർ രംഗത്തിറങ്ങി. രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര അമിത് ഷാ ഒന്നിലേറെ തവണ ചർച്ചയിൽ ഇടപെട്ടു. കോൺഗ്രസ് അംഗം നസീർ ഹുസൈനെതിരെ രാധാ മോഹൻ സിങ് അഗർവാൾ ആരോപണം ഉന്നയിച്ചതിനെ കോൺഗ്രസ് എതിർത്തപ്പോൾ അമിത് ഷാ മറുപടി നൽകിയതു ബഹളത്തിനിടയാക്കി. മുൻകൂർ അനുമതി ഇല്ലാതെ സഭയിൽ ആരോപണം ഉന്നയിക്കാൻ കഴിയില്ലെന്നു കോൺഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി പറഞ്ഞു. അതിലും വിശദീകരണം നൽകാൻ എഴുന്നേറ്റത് അമിത് ഷായായിരുന്നു. നസീർ ഹുസൈന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പാക്കിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളി ഉയർന്നുവെന്നായിരുന്നു രാധാമോഹൻ സിങ് പറഞ്ഞത്. നസീർ ഹുസൈൻ മുദ്രാവാക്യം വിളിച്ചുവെന്ന് അതിന് അർഥമില്ലെന്ന് അമിത് ഷാ വിശദീകരിച്ചു. അംഗങ്ങൾ ഉന്നയിച്ച ക്രമപ്രശ്നങ്ങളിൽ പോലും നിർമല ഇടപെട്ടു. ചർച്ചയിൽ ഉടനീളം നിർമല പങ്കെടുക്കുകയും ചെയ്തു. സർക്കാരിന്റെ പ്രധാനമുദ്രാവാക്യമായ ‘സബ്കാ സാഥ് സബ്കാ വികാസ്’ അറിയില്ലെന്ന മട്ടിൽ തിരുച്ചി ശിവ സംസാരിച്ചത് അഭിനയമാണെന്നും ഹിന്ദിയിൽ പാട്ടു പോലും പാടുന്നയാളാണ് തിരുച്ചി ശിവയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നിർമലയുടെ ഇടപെടൽ. ഒരു ഭാഷയ്ക്കും എതിരല്ലെന്നും അടിച്ചേൽപ്പിക്കുന്നതിനോടാണ് വിയോജിപ്പെന്നും തിരുച്ചി ശിവ മറുപടി നൽകി. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകൻ കൂടിയായ രാജ്യസഭാംഗം കപിൽ സിബൽ സംസാരിക്കുമ്പോൾ വസ്തുതാപ്രശ്നം ചൂണ്ടിക്കാട്ടി കിരൺ റിജിജുവും നിർമല സീതാരാമനും ഒന്നിച്ചെഴുന്നേൽക്കുന്നതും കണ്ടു.
Source link