ശിവഗിരിയിലെ വിളംബര സ്മാരക മ്യൂസിയം: പെർമിറ്റ് നൽകിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വർക്കല ശിവഗിരി മഠത്തിലെ ‘നമുക്ക് ജാതിയില്ല” വിളംബര സ്മാരക മ്യൂസിയത്തിന് റഗുലറൈസ്ഡ് പെർമിറ്റ് നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മ്യൂസിയവും ഓഡിറ്റോറിയമടക്കമുള്ള കെട്ടിടത്തിനാണ് പെർമിറ്റ് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസിന്റെ അന്തിമവിധിക്ക് വിധേയമായാണ് അനുവാദം നൽകിയത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ എൽദോസ് പി. കുന്നപ്പിള്ളിയുടെ ചോദ്യത്തിനാണ് രേഖാമൂലം മുഖ്യമന്ത്രി മറുപടി നൽകിയത്.
ഓഡിറ്റോറിയം നിർമ്മാണത്തിന് വർക്കല മുനിസിപ്പാലിറ്റിക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 2024 നവംബർ 11ന് റഗുലറൈസ്ഡ് പെർമിറ്റ് നൽകിയത്. ശിവഗിരിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ 2021 ഡിസംബർ ആറിന് യോഗം ചേർന്നിരുന്നു. ശിവഗിരിയിലെ തീർത്ഥാടന പന്തൽ നിർമ്മാണം, അന്നക്ഷേത്രം നിർമ്മാണം എന്നിവയ്ക്കുള്ള അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാൻ നിർദ്ദേശം നൽകി. കൂടാതെ ഇൻലാൻഡ് നാവിഗേഷനുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ജലവിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, വർക്കല ഇൻലാൻഡ് നാവിഗേഷൻ ചീഫ് എൻജിനിയർ, മുനിസിപ്പാലിറ്റി സെക്രട്ടറി എന്നിവരുടെ യോഗം ചേരാനും തീരുമാനിച്ചു.
2022 ഏപ്രിൽ എട്ടിന് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലും, 2023 ഒക്ടോബർ മൂന്നിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും അദ്ധ്യക്ഷതയിൽ ചേർന്ന യോഗങ്ങളുടെ അടിസ്ഥാനത്തിൽ ശതാബ്ദി മ്യൂസിയത്തിന്റെ നിർമ്മാണത്തിന് നിബന്ധനകളോടെ നിരാക്ഷേപപത്രം നൽകിയിട്ടുണ്ട്.
Source link