മുസ്‌ലിം പ്രാതിനിധ്യം തീരെക്കുറവ്; പ്രവർത്തനങ്ങളിൽ സജീവം 30–40% അംഗങ്ങൾ മാത്രം: പാർട്ടി കോൺഗ്രസ് രേഖ

മധുര ∙ ഡൽഹിയൊഴികെ മറ്റിടങ്ങളിലെല്ലാം സിപിഎമ്മിൽ മുസ്‌ലിം പ്രാതിനിധ്യം വളരെ കുറവെന്ന് പാർട്ടി കോൺഗ്രസ് രേഖ. ഓരോ സംസ്ഥാനത്തെയും മുസ്‌ലിം ജനസംഖ്യ നോക്കുമ്പോൾ ആ വിഭാഗത്തിൽനിന്നുള്ള പാർട്ടി അംഗങ്ങളുടെ അനുപാതം താഴ്ന്നുനിൽക്കുന്നതു ഗുണകരമല്ലെന്നും ഇതു മറികടക്കാൻ ശ്രമം വേണമെന്നുമാണു പാർട്ടി കോൺഗ്രസ് നിർദേശിക്കുന്നത്. ബിജെപിയെ പ്രതിരോധിക്കാൻ ന്യൂനപക്ഷ പിന്തുണ അനിവാര്യമാണെന്നിരിക്കെയാണു പാർട്ടിയെ ആശങ്കപ്പെടുത്തുന്ന കണക്കുകൾ. തുടർച്ചയായി 2 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കേരളത്തിലടക്കം മുസ്‌ലിംകളുടെ പിന്തുണ ലഭിച്ചില്ലെന്നു വിലയിരുത്തിയ സിപിഎമ്മിനെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുന്നതാണു നിലവിലെ സ്ഥിതി.ബിജെപിയെ എതിർക്കുന്നതിൽ സിപിഎം മുന്നിലാണെന്ന പ്രചാരണം മുസ്‌ലിംകൾ വിശ്വാസത്തിലെടുത്തില്ല എന്നതിനു തെളിവായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ്. കേരളത്തിൽ മാത്രമല്ല ഈ സാഹചര്യമെന്നു പാർട്ടി കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് നേരത്തേ വ്യക്തമാക്കിയിരുന്നു. ‘ഞങ്ങൾ ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നു. ഞങ്ങൾ നല്ല മനുഷ്യരാണെന്നും സത്യസന്ധരാണെന്നും അവർ പറയും. എന്നാൽ, നിങ്ങൾക്കു ഞങ്ങളെ സംരക്ഷിക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പു വരുമ്പോൾ പറയും. എന്നിട്ട് അവർ സമാജ്‌വാദി പാർട്ടിക്കു വോട്ട് ചെയ്യും’– ഉത്തരേന്ത്യൻ പശ്ചാത്തലത്തിലായിരുന്നു കാരാട്ടിന്റെ വിലയിരുത്തൽ.സിപിഎമ്മിന്റേത് ന്യൂനപക്ഷ പ്രീണനമാണെന്ന ആരോപണം നേരത്തേയുണ്ടായിരുന്നു. അത് ഹിന്ദുവോട്ടുകൾ നഷ്ടപ്പെടാൻ കാരണമാകുന്നെന്നു വന്നപ്പോൾ നിലപാടിൽ അയവുവരുത്തി. പിന്നീട്, മുസ്‌ലിംകളെ പാർട്ടിക്കു കീഴിൽ കൊണ്ടുവരാൻ നീക്കം നടത്തിയെങ്കിലും ആനുപാതികമായി വേണ്ടത്ര പ്രാതിനിധ്യം പാർട്ടിയിൽ ഉണ്ടാക്കാനായില്ലെന്ന അനുഭവമാണു സംഘടനാരേഖ പങ്കുവയ്ക്കുന്നത്.
Source link