LATEST NEWS

‘വീടു മോടിപിടിപ്പിച്ചു, വിവാഹാലോചനയുമായി അവർ വന്നില്ല’: സുകാന്തിന്റെ വാദങ്ങൾ തള്ളി മേഘയുടെ കുടുംബം


പത്തനംതിട്ട ∙ ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുകാന്ത് ഉന്നയിച്ച വാദങ്ങൾ തള്ളി മേഘയുടെ കുടുംബം. സുകാന്ത് മുൻകൂർ ജാമ്യാപേക്ഷയിൽ സമർപ്പിച്ചിരിക്കുന്ന വാദങ്ങളാണ് കുടുംബം തള്ളിയത്. വിവാഹാലോചനയുമായി സുകാന്തിന്റെ കുടുംബം വീട്ടിലേക്കു വന്നിട്ടില്ലെന്ന് മേഘയുടെ കുടുംബം പ്രതികരിച്ചു. സുകാന്തിന്റെ കുടുംബം വരുമെന്ന് കരുതി വീട് മോടിപിടിപ്പിച്ചെങ്കിലും അവർ വന്നില്ലെന്നാണ് മേഘയുടെ പിതാവ് പറയുന്നത്. വിവാഹാലോചനയിൽനിന്നു പിന്മാറാൻ സുകാന്ത് ശ്രമിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നുണ്ട്. അതേസമയം, മേഘ ഗർഭഛിദ്രം നടത്തിയതായുള്ള വിവരം പൊലീസിൽനിന്നു അറിഞ്ഞതായും കുടുംബം പറയുന്നു. മേഘ 2024 ജൂലൈയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട തെളിവുകൾ പൊലീസിനു ലഭിച്ചിരുന്നു. ഗര്‍ഭഛിദ്രം നടത്തിയതിന്റെ രേഖകള്‍ ഉള്‍പ്പെടെ കുടുംബം കൈമാറിയിട്ടും സുകാന്തിനെതിരെ കേസെടുക്കാന്‍ പേട്ട പൊലീസ് തയാറായിട്ടില്ല. മേഘ മരിച്ച് 11 ദിവസം കഴിഞ്ഞിട്ടും അന്വേഷണം തുടരുകയാണെന്ന മറുപടി മാത്രമാണ് പൊലീസില്‍നിന്നു ലഭിക്കുന്നത്.ഐബി ഉദ്യോഗസ്ഥയായ 23കാരിയുടെ മരണത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് സുകാന്ത് നൽകിയ മുൻകൂർ ജാമ്യഹർജിയിൽ പറയുന്നത്. വൈകാരികമായും മാനസികമായും ഏറെ അടുത്തവരായിരുന്നു തങ്ങളെന്നും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും ഹർജിയിൽ പറയുന്നു. യുവതി ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും തന്റെ മാതാപിതാക്കൾ യുവതിയുടെ വീട്ടിലെത്തി വിവാഹ കാര്യങ്ങൾ സംസാരിക്കുകയും ചെയ്തെന്നുമാണ് സുകാന്ത് ഹർജിയിൽ അവകാശപ്പെടുന്നത്.


Source link

Related Articles

Back to top button