ഭീഷണിക്കു മുന്നിൽ മുട്ടുമടക്കില്ല; ഠാക്കൂറിന്റെ രാജി ആവശ്യപ്പെട്ട് ഖർഗെ

ന്യൂഡൽഹി ∙ വഖഫ് ഭൂമി താൻ തട്ടിയെടുത്തെന്ന തരത്തിൽ നടത്തിയ ആരോപണം തെളിയിക്കാൻ ബിജെപി എംപി അനുരാഗ് ഠാക്കൂറിനെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വെല്ലുവിളിച്ചു. 6 പതിറ്റാണ്ട് രാഷ്ട്രീയത്തിൽ നേടിയെടുത്ത സൽപേരിന് കളങ്കമേറ്റതായും ആരോപണം തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കാമെന്നും ഇല്ലെങ്കിൽ ഠാക്കൂർ രാജിവയ്ക്കണമെന്നും ഖർഗെ പറഞ്ഞു. പേടിപ്പിക്കാമെന്നാണു ബിജെപി കരുതുന്നതെങ്കിൽ മുട്ടുമടക്കില്ലെന്നും ഭീഷണിയുടെ മുന്നിൽ പേടിക്കുന്നയാളല്ല താനെന്നും ഖർഗെ പറഞ്ഞു.‘എന്റെ ജീവിതം എക്കാലത്തും തുറന്ന പുസ്തകമായിരുന്നു. പോരാട്ടം നിറഞ്ഞതായിരുന്നു. പൊതുജീവിതത്തിൽ എക്കാലവും ഉയർന്ന മൂല്യം സൂക്ഷിച്ചു. 60 വർഷത്തോളം രാഷ്ട്രീയത്തിൽ കഴിഞ്ഞ ഞാൻ ഇതല്ല അർഹിക്കുന്നത്. തീർത്തും അടിസ്ഥാന രഹിത ആരോപണമാണ് അനുരാഗ് ഠാക്കൂർ എനിക്കെതിരെ ലോക്സഭയിൽ ഉന്നയിച്ചത്. ലോക്സഭയിലെ സഹപ്രവർത്തകർ എതിർത്തപ്പോൾ അനുരാഗ് ഠാക്കൂറിന് അത് പിൻവലിക്കേണ്ടി വന്നു. അപ്പോഴും ആ പരാമർശം അപമാനമുണ്ടാക്കി. ബിജെപി ഇക്കാര്യത്തിൽ മാപ്പു പറയണം’.വഖഫ് ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ ഖർഗെ ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ പരാമർശങ്ങളാണ് ഠാക്കൂർ നടത്തിയത്. വഖഫ് വസ്തുവകകൾ കോൺഗ്രസും മറ്റു സഖ്യകക്ഷികളും ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ചു.
Source link