'രാജ്യമറിയുന്നില്ല കേരള ബദൽ ': ചർച്ച തുടങ്ങിവച്ചത് കെ.കെ.രാഗേഷ്; ഏറ്റുപിടിച്ച് മറ്റു സംസ്ഥാനക്കാർ

മധുര ∙ പിണറായി സർക്കാരിന്റെ ബദൽനയങ്ങൾ മാതൃകയാണെങ്കിലും രാജ്യമാകെ പ്രചരിപ്പിക്കപ്പെടുന്നില്ലെന്നു സിപിഎം പാർട്ടി കോൺഗ്രസിൽ ചർച്ച. കേരളത്തിൽനിന്നുള്ള കെ.കെ.രാഗേഷ് തുടങ്ങിവച്ച ചർച്ച ഉത്തർപ്രദേശ് ഉൾപ്പെടെ സംസ്ഥാനങ്ങളിലെ പ്രതിനിധികൾ ഏറ്റുപിടിച്ചതോടെ ‘കേരള ക്യാംപെയ്ൻ’ ഏറക്കുറെ വിജയം കണ്ടെങ്കിലും ആന്ധ്രപ്രദേശിൽനിന്നുള്ള എതിർപ്പ് ശ്രദ്ധേയമായി. സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളരേഖയ്ക്കും സർക്കാരിന്റെ ബദൽനയങ്ങൾക്കും പാർട്ടി കോൺഗ്രസിന്റെ അംഗീകാരം തേടി കേരളഘടകം നടത്തുന്ന ‘കേരള ക്യാംപെയ്ൻ’ മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.അർഹതപ്പെട്ട വിഹിതം നൽകാതെ കേന്ദ്രം വീർപ്പുമുട്ടിക്കുമ്പോഴും കേരളം വികസനരംഗത്തു മാതൃക കാട്ടുകയാണെന്നു രാഗേഷ് പറഞ്ഞു. വാട്ടർ മെട്രോ, ഡിജിറ്റൽ സർവകലാശാല, സയൻസ് പാർക്ക്, ലൈഫ് പദ്ധതി, സാമൂഹിക പെൻഷൻ, വിദ്യാഭ്യാസ–ആരോഗ്യ രംഗങ്ങളിലെ നേട്ടങ്ങൾ തുടങ്ങിയവ രാജ്യത്തിനു മാതൃകയാണ്. ആഗോളവൽക്കരണ കാലത്ത് ഇത്തരത്തിലൊരു സർക്കാർ രാജ്യത്തു മറ്റെവിടെയെങ്കിലുമുണ്ടോയെന്നു രാഗേഷ് ചോദിച്ചു. എൽഡിഎഫ് സർക്കാർ മാതൃകയാണെങ്കിലും അത് ഉത്തരേന്ത്യയിൽ അറിയുന്നില്ലെന്ന് ഉത്തർപ്രദേശിൽനിന്നുള്ള ബ്രിജ്‌ലാൽ ഭാരതി പറഞ്ഞു. കേരളത്തിൽ തുടർഭരണം ആവർത്തിക്കണമെന്നു ജാർഖണ്ഡിൽനിന്നുള്ള സുഫൽ മൊഹന്തോ പറഞ്ഞു. കൊച്ചി മേയർ എം.അനിൽകുമാറും ചർച്ചയിൽ പങ്കെടുത്തു.
Source link