‘സംസ്ഥാനങ്ങളുടെ അവകാശ പോരാട്ടത്തിന് കൈ കോർക്കും”

മധുര: അവകാശ സംരക്ഷണ പോരാട്ടങ്ങളിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുമായി കൈകോർക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. സി.പി.എം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് രാജാ മുത്തയ്യ മൺട്രത്തിൽ സംഘടിപ്പിച്ച ഫെഡറലിസമാണ് ഇന്ത്യയുടെ കരുത്ത് എന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് ഫെഡറലിസമെന്നു കേൾക്കുന്നത് അലർജിയാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർമാർ മുഴുവൻ സമയ രാഷ്ട്രീയക്കാരെപ്പോലെയാണ്. കേന്ദ്ര-സംസ്ഥാന ബന്ധം മെച്ചപ്പെുത്തുന്നതിന് സർക്കാരിയ കമ്മിഷൻ റിപ്പോർട്ടും പൂഞ്ചി കമ്മിഷൻ റിപ്പോർട്ടും നടപ്പാക്കണമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി പറഞ്ഞത്. എന്നാൽ പ്രധാനമന്ത്രിയായപ്പോൾ സംസ്ഥാനങ്ങളെ തകർക്കുന്ന നടപടികളാണ് അദ്ദേഹം സ്വീകരിച്ചതെന്നും സ്റ്റാലിൻ പറഞ്ഞു.
ഫെഡറലിസത്തെ ചോദ്യം ചെയ്യുന്ന സമീപനമാണ് കേന്ദ്രത്തിൽ നിന്നുണ്ടാവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പലകേന്ദ്രാവിഷ്കൃത പദ്ധതികളും സാമ്പത്തിക അസന്തുലിതാവസ്ഥയ്‌ക്ക് ആക്കം കൂട്ടുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് ഭരണഘടനാപരമായി ലഭിച്ച ഇനങ്ങൾ ഇഷ്ടാനുസരണം ചെലവഴിക്കാനുള്ള സ്വാതന്ത്ര്യം കിട്ടണം. പരസ്പര ബഹുമാനവും അംഗീകാരവുമാണ് ഫെഡറൽ സംവിധാനത്തിന്റെ അടിത്തറയെന്നും പിണറായി ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിനെതിരെ കൂട്ടായ്മ വേണം
ബി.ജെ.പി ഇതര സംസ്ഥാനങ്ങളോടുള്ള മോദി സർക്കാരിന്റെ വിവേചനങ്ങൾക്കെതിരെ ശക്തമായ കൂട്ടായ്മ വേണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു. പ്രകൃതി ദുരന്തങ്ങളും മറ്റുമുണ്ടാവുമ്പോൾ ബി.ജെ.പി ഇതര സർക്കാരുകൾക്ക് അർഹതപ്പെട്ട സാമ്പത്തിക സഹായം പോലും നിഷേധിക്കുന്ന അവസ്ഥയാണെന്നും കാരാട്ട് വിശദമാക്കി.
കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കർണാടക മന്ത്രി ഡോ. എം.സി. സുധാകർ പ്രസംഗിച്ചു. സി.പി.എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം പിണറായി വിജയനും കെ. ബാലകൃഷ്ണൻ എം.കെ. സ്റ്റാലിനും ഉപഹാരം നൽകി. കാറൽ മാക്സും ഏംഗൽസും ഒരുമിച്ചുള്ള തടിയിൽ തീർത്ത ഉപഹാരമാണ് നൽകിയത്.
സ്റ്റാലിൻ പങ്കെടുക്കുന്നതിനാൽ ഡി.എം.കെ പ്രവർത്തകർ കൂട്ടത്തോടെ സമ്മേളനത്തിനെത്തിയിരുന്നു. പിണറായി വിജയൻ സ്റ്റാലിനെ സഹോദരനെന്ന് വിശേഷിപ്പിച്ചപ്പോൾ സദസ് ഇളകി മറിഞ്ഞു. പിണറായി തനിക്ക് ജ്യേഷ്ഠനെപ്പോലെയാണെന്ന് സ്റ്റാലിൻ വിശേഷിപ്പിച്ചപ്പോഴും വലിയ കരഘോഷമുണ്ടായി.
Source link