വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി രാജീവ് ചന്ദ്രശേഖർ

ചേർത്തല: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എസ്.എൻ.ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ 11 ഓടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് വെള്ളാപ്പള്ളിയെ കണ്ടത്. രാഷ്ട്രീയ സന്ദർശനമല്ലെന്നും വെള്ളാപ്പള്ളി ചില നിർദ്ദേശങ്ങൾ തന്നിട്ടുണ്ടെന്നും അത് മനസിൽവച്ച് പ്രവർത്തിക്കുമെന്നും കൂടിക്കാഴ്ചക്കുശേഷം രാജീവ് പറഞ്ഞു. ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റും എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി,ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗം പി.കെ.കൃഷ്ണദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. രാഷ്ട്രീയക്കാരുടെ വളവ് തിരിവുകൾ അറിയാത്ത ശുദ്ധനായ രാഷ്ട്രീയക്കാരനാണ് രാജീവെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ബി.ജെ.പിയെ ഗ്രൂപ്പിസമില്ലാത്ത പാർട്ടിയാക്കി മാറ്റാനുള്ള സാഹചര്യം നിലവിലുണ്ട്. രാഷ്ട്രീയമായി അദ്ദേഹത്തിന് ചില കാഴ്ചപ്പാടുകളുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വഖഫ് ബിൽ പാസാക്കിയത്
നല്ലത്: വെള്ളാപ്പള്ളി
വഖഫ് ബില്ല് പാസാക്കിയത് നല്ലതാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിനടേശൻ പറഞ്ഞു. ബില്ല് മുസ്ളിങ്ങൾക്കെതിരല്ലെന്ന് നരേന്ദ്ര മോദി ആവർത്തിച്ചു പറയുന്നുണ്ട്. വർഷങ്ങളായി താമസിക്കുന്ന മുനമ്പത്തെ ജനങ്ങളെ ഭൂമിയിൽ നിന്ന് ഇറക്കി വിടുന്നത് ശരിയല്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ മുസ്ലിങ്ങൾക്ക് എത്ര ശക്തിയുണ്ടെന്ന് തെളിയിച്ചു. അതിനെ ചെറുതായി കാണരുത്. മുനമ്പത്ത് പോയി പ്രസംഗിച്ചവരും ബില്ലിനെ എതിർത്തു വോട്ടു ചെയ്‌തത് വിരോധാഭാസമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Source link