‘പിഴ എം.ജി.ശ്രീകുമാറിനെ കാര്യഗൗരവം ബോധിപ്പിക്കാൻ, കർശനമായി പറയണം; പ്ലാസ്റ്റിക് ശേഖരിക്കാൻ ചെല്ലുന്ന ഹരിതകർമ സേനക്കാരെ തടയും’

കൊച്ചി ∙ എം.ജി.ശ്രീകുമാറിനെ പോലൊരാളെ മോശക്കാരനാക്കുക എന്നതല്ല മറിച്ച് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുക എന്നതായിരുന്നു മുളവുകാട് പഞ്ചായത്തിന്റെ ഉദ്ദേശ്യമെന്ന് പ്രസിഡന്റ് വി.എസ്.അക്ബർ. മാലിന്യം വലിച്ചെറിഞ്ഞതിനെ തുടർന്ന് ഗായകൻ എം.ജി.ശ്രീകുമാർ പിഴയൊടുക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.‘‘അദ്ദേഹത്തെ പോലുള്ളവര്‍ മറ്റുള്ളവർക്ക് മാതൃകയാകേണ്ടവരാണ്. അപ്പോൾ ഇത്തരം കാര്യങ്ങൾ ചെയ്യരുത് എന്ന കാര്യമൊക്കെ വീട്ടുകാർക്കും ജോലിക്കാർക്കുമൊക്കെ അവർ പറഞ്ഞു കൊടുക്കേണ്ടതുണ്ട്. അത് കർശനമായി തന്നെ പറയേണ്ട കാര്യമാണ്.’’ – വി.എസ്.അക്ബർ പറഞ്ഞു. മാർച്ച് 31ന് എം.ജി.ശ്രീകുമാറിന്റെ ഒരു സഹായി എത്തിയാണ് പിഴ അടച്ചതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് അക്ബർ പറഞ്ഞത്. ഇതിന് 2 ദിവസം മുമ്പാണ് വിഷയം പഞ്ചായത്തിന്റെ മുമ്പാകെ എത്തിയത്. സംഭവം അറിഞ്ഞപ്പോൾ തന്നെ പഞ്ചായത്ത് ഉദ്യോഗസ്ഥരെ അവിടേക്ക് വിട്ടു പരിശോധന നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ‘‘അവർ സ്ഥലത്തെത്തി കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടു. ഈ സംഭവം നടക്കുമ്പോൾ എം.ജി.ശ്രീകുമാർ സ്ഥലത്തുണ്ടായിരുന്നില്ല എന്നും മനസിലായി. തുടര്‍ന്ന് 25,000 രൂപ പിഴ എഴുതി കൊടുക്കുകയായിരുന്നു’’– അദ്ദേഹം പറഞ്ഞു. എം.ജി.ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് ഹരിത കർമസേനയ്ക്ക് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ സാധിക്കുന്നില്ലെന്നും അക്ബർ വ്യക്തമാക്കി. കർമസേന അംഗങ്ങൾ അവിടെ ചെല്ലുമ്പോൾ ആളില്ല എന്നു പറഞ്ഞ് സെക്യൂരിറ്റി അകത്തേക്ക് പ്രവേശിപ്പിക്കില്ല. അല്ലെങ്കിൽ ഇവിടെ ഭക്ഷണമൊന്നും ഉണ്ടാക്കുന്നില്ല, ഇവിടെ പ്ലാസ്റ്റിക് ഇല്ല എന്നു പറഞ്ഞു വിടാറാണ് പതിവ്. എന്നാൽ സര്‍ക്കാർ നിയമം അനുസരിച്ച് ഇക്കാര്യം പഞ്ചായത്തിന് ബോധ്യപ്പെടണം.
Source link